ന്യൂഡൽഹി: ഡൽഹിയിൽ തീപിടുത്തങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടുത്തങ്ങളിൽപ്പെട്ട് മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. തെക്കൻ ഡൽഹിയിലെ മാലവ്യ നഗറിൽ നടന്ന ഹോട്ടൽ തീപിടുത്തത്തിൽ 12 വിദേശികളടക്കം 21 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഡൽഹി സർക്കാർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.(Delhi fire accidents, Over 500 Die In Delhi Fire Accidents Since 2019)
വേനൽക്കാലത്ത് ഡൽഹിയിൽ തീപിടുത്തങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നതായി ഫയർ സർവീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എസി, കൂളറുകൾ എന്നിവയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. മാലവ്യ നഗറിലെ ‘ഫ്ലറിഷ് സ്റ്റേ’ ഹോട്ടലിന് 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ബേസ്മെന്റിലടക്കം 25-ഓളം മുറികൾ നിയമവിരുദ്ധമായി പ്രവർത്തിച്ചുവരികയായിരുന്നു. കെട്ടിടത്തിന് ഫയർ സേഫ്റ്റി എൻ.ഒ.സി (NOC) ഉണ്ടായിരുന്നില്ല എന്നത് വലിയൊരു സുരക്ഷാ വീഴ്ചയാണ്. അഞ്ച് നിലകളുള്ള കെട്ടിടത്തിന് പുറത്തുകടക്കാൻ ഒരേയൊരു വഴി മാത്രമാണുണ്ടായിരുന്നത്.
അനജ് മണ്ഡി, ഉപഹാർ സിനിമാ ദുരന്തങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മാലവ്യ നഗറിലെ അപകടം. ഹോട്ടലുടമ ലവ്കേഷ് ബജാജിനെ മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന അനധികൃത വാണിജ്യ കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
Story Summary
Official data reveals that over 543 people have died in fire-related accidents in Delhi since 2019, a grim statistic highlighted by the recent hotel tragedy in Malviya Nagar that claimed 21 lives. Investigations into the Malviya Nagar incident uncovered severe safety violations, including the illegal operation of rooms and lack of fire safety clearance, prompting authorities to promise stricter enforcement against unauthorized commercial buildings.

