മണ്ണാർക്കാട്: വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്നതിനിടെ സ്കൂൾ ബസിന്റെ വാതിൽ റോഡിലേക്ക് തെറിച്ചുവീണ അപകടത്തിൽ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Deshbandhu school bus accident Thachampara). തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ഡ്രൈവറും പൊറ്റശേരി സ്വദേശിയുമായ സന്തോഷിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. മതിയായ ഫിറ്റ്നസ് ഇല്ലാത്ത ബസിൽ കുട്ടികളെ കയറ്റി അപകടകരമായ രീതിയിൽ യാത്ര നടത്തിയതിനാണ് ഡ്രൈവർക്കെതിരെ അടിയന്തിര നടപടി സ്വീകരിച്ചതെന്ന് മണ്ണാർക്കാട് മോട്ടോർ വാഹന ഇൻസ്പെക്ടർ പി.എം. രവികുമാർ അറിയിച്ചു.
അപകടത്തെത്തുടർന്ന് സ്കൂളിലെ മറ്റ് ബസുകളിൽ എം.വി.ഡി നടത്തിയ വ്യാപക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാലയത്തിലെ എട്ട് ബസുകൾക്ക് ഫിറ്റ്നസില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴചുമത്തിയിട്ടുണ്ട്. കുട്ടികളുടെ ജീവന് ഭീഷണിയാകുംവിധം സർവീസ് നടത്തിയതിൽ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തച്ചമ്പാറ – അരപ്പാറ റോഡിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
അതേസമയം , അപകടത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെത്തിയപ്പോഴേക്കും അപകടമുണ്ടായ ബസ് അവിടെനിന്നും മാറ്റി ഒളിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ ബസുകളിൽ നിർബന്ധമാക്കിയിട്ടുള്ള ജി.പി.എസ് (GPS) സംവിധാനം ഉദ്യോഗസ്ഥർക്ക് തുണയായി. ജി.പി.എസ് ട്രാക്ക് ചെയ്ത് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പാലക്കാട് കൊപ്പത്തുനിന്നാണ് ഒളിപ്പിച്ച നിലയിൽ ബസ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഗുരുതരമായ തകരാറുകൾ കണ്ടെത്തിയ രണ്ട് ബസുകളുടെ ഫിറ്റ്നസ് എം.വി.ഡി റദ്ദാക്കി. ഈ ബസുകളിലെ ജി.പി.എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ബസിന്റെ ഫ്ലോറുകൾ പൂർണ്ണമായും ദ്രവിച്ച നിലയിലുമായിരുന്നു. ശേഷിക്കുന്ന നാല് ബസുകളുടെ തകരാറുകൾ അടിയന്തിരമായി പരിഹരിക്കാൻ സ്കൂളിന് മെമ്മോയും നൽകിയിട്ടുണ്ട്.
ജില്ലാ ആർ.ടി.ഒ സി.യു. മുജീബ്, മണ്ണാർക്കാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. രവികുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരവിന്ദാക്ഷൻ, മുഹമ്മദ് റഫീഖ്, ദിവിൻ, ലബീബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും ജില്ലയിലെ സ്കൂൾ ബസുകളിൽ കർശന പരിശോധന തുടരുമെന്നും ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ പിടിച്ചെടുക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
Story Summary: The Motor Vehicles Department (MVD) suspended the license of school bus driver Santhosh after a passenger door fell off a moving bus belonging to Deshabandhu Higher Secondary School, Tachampara. MVD fined the school ₹30,000 as 8 buses lacked fitness certificates. Though authorities tried to hide the accidental bus, officials tracked it down using GPS at Koppam.

