റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേറിട്ടൊരു സ്മരണാഞ്ജലിയുമായി വാഴക്കാട് ഗവ. യു.പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും (Vazhakkad Govt UP School environment day). സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന, പരേതനായ ഷാദാബിന്റെ മരിക്കാത്ത ഓർമ്മയ്ക്കായി സ്കൂൾ അങ്കണത്തിൽ വിവിധതരം ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് ഇത്തവണ വിദ്യാലയം പരിസ്ഥിതി ദിനം ആചരിച്ചത്.
ഷാദാബിന്റെ ഓർമ്മകൾ വിദ്യാലയ മുറ്റത്ത് തണലായും മധുരമായും എന്നും നിലനിൽക്കണമെന്ന ആഗ്രഹത്തോടെയാണ് ഫലവൃക്ഷത്തൈകൾ തിരഞ്ഞെടുത്തത്. സ്കൂൾ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മെക്സിക്കൻ സ്റ്റാർ ആപ്പിൾ, റംബൂട്ടാൻ, മലായ് ചാമ്പ തുടങ്ങിയ വിദേശ-സ്വദേശി ഇനങ്ങളിൽപ്പെട്ട പ്രീമിയം ഫലവൃക്ഷത്തൈകളാണ് പ്രിയ വിദ്യാർത്ഥിയുടെ സ്മരണയ്ക്കായി വെച്ചുപിടിപ്പിച്ചത്.
സ്കൂൾ ഹെഡ്മാസ്റ്റർ അജീഷ് പരിസ്ഥിതി ദിന സന്ദേശം നൽകി തൈ നടീൽ കർമ്മത്തിന് നേതൃത്വം നൽകി. ചടങ്ങിൽ സ്കൂളിലെ അധ്യാപകരായ അബ്ദുസലാം, ബഷീർ, താഹിറ, സാജു എന്നിവരും പങ്കെടുത്തു. ഷാദാബിന്റെ മാതാപിതാക്കളും പ്രമുഖ മാധ്യമപ്രവർത്തകരുമായ മുജീബ് റഹ്മാൻ, ഫാത്തിമ ബിഷാറ എന്നിവർ മകന്റെ ഓർമ്മ പുതുക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ വിദ്യാലയത്തിൽ നേരിട്ടെത്തിയിരുന്നു. ഇവർക്കൊപ്പം സാമൂഹിക രംഗത്തെ പ്രമുഖരായ ത്വാഹിർ മാസ്റ്റർ, അൻവർ ശരീഫ് എന്നിവരും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തൈകൾക്ക് മണ്ണും വെള്ളവുമേകി വിദ്യാലയ മുറ്റത്തെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റി.
Story Summary: Teachers and students of Vazhakkad Government UP School marked World Environment Day by planting fruit saplings in memory of their late former student, Shadab. Exotic fruit trees like Mexican Star Apple, Rambutan, and Malay Rose Apple were planted. Shadab’s parents, journalists Mujeeb Rahman and Fathima Bishara, along with Headmaster Ajeesh and teachers, attended the emotional event.

