സാഗ്രെബ്: ക്രൊയേഷ്യയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു (Croatia small plane crash). വടക്കുപടിഞ്ഞാറൻ ക്രൊയേഷ്യൻ മേഖലയായ ഇസ്ട്രിയ ഉപദ്വീപിലെ അഡ്രിയാറ്റിക് തീരദേശ പട്ടണമായ മെഡുലിന് (Medulin) സമീപമാണ് വിമാനം തകർന്നുവീണത്. മെഡുലിൻ സ്‌പോർട്‌സ് എയർഫീൽഡിന് പുറത്തുള്ള കാമ്പാനോസ് എന്ന ജനവാസമില്ലാത്ത വയലിലാണ് അപകടമുണ്ടായത്.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം അപകടത്തിൽ നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായും വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഹിന’ (HINA) റിപ്പോർട്ട് ചെയ്തു. ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത ഈ ചെറുവിമാനം ഓസ്ട്രിയയിൽ നിന്നാണ് മെഡുലിൻ ലക്ഷ്യമാക്കി പറന്നുയർന്നത്. വായുവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം സർപ്പിളാകൃതിയിൽ കറങ്ങി താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പ്രാദേശിക പൈലറ്റുമാർ വ്യക്തമാക്കുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ മൂന്ന് അടിയന്തിര മെഡിക്കൽ സംഘങ്ങളും, ഒരു ഹെലികോപ്റ്റർ റെസ്ക്യൂ ടീമും, ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ വയലിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. നാഷണൽ എയർ, മാരിടൈം ആൻഡ് റെയിൽവേ ട്രാഫിക് ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (AIN) നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ച ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Summary: A small German-registered aircraft that took off from Austria crashed in a field near the coastal town of Medulin on Croatia’s Istria peninsula, killing four people. Emergency services, including a helicopter medical team and firefighters, are at the scene as a search continues for two more missing individuals.

