തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ (Minister Bindu Krishna DGP complaint). അംഗൻവാടിയിലെ മെനു പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത ശങ്കു എന്ന കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ താൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്‌തു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
അംഗൻവാടികളിലെ ഉച്ചഭക്ഷണ വിതരണത്തിലെ പ്രയാസങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, മെനു പരിഷ്‌കരണത്തെ വിമർശിച്ച് വീഡിയോ ചെയ്ത ശങ്കു എന്ന കുട്ടി ഒരു കോൺഗ്രസ് പ്രവർത്തകയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഒരു പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഈ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ശങ്കു പിന്നീട് മറ്റൊരു വീഡിയോ പുറത്തുവിട്ടു. താൻ മന്ത്രി പറഞ്ഞ വ്യക്തിയുടെ കൊച്ചുമകനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ശങ്കു ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെയാണ് മന്ത്രി ബിന്ദു കൃഷ്ണ കുട്ടിയെ അംഗൻവാടിയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ചില കോർണറുകളിൽ നിന്നും പ്രചരിക്കാൻ തുടങ്ങിയത്. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ആസൂത്രിതമായ രാഷ്ട്രീയ നീക്കവുമുണ്ടെന്ന് മന്ത്രി പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിക്കൊപ്പം വ്യാജ വാർത്തകൾ നിർമ്മിക്കുകയും പങ്കുവെക്കുകയും ചെയ്ത പ്രൊഫൈലുകളുടെയും പേജുകളുടെയും ലിങ്കുകളും മന്ത്രി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണ നടപടികളിലേക്ക് കടന്നു.
Story Summary: Minister Bindu Krishna filed a complaint with the State Police Chief against targeted fake news campaigns spreading on social media. The viral fake news claimed she recommended the suspension of a child named Shankal (Shanku) from an Anganwadi after the child made a video refuting her speech regarding local Anganwadi menu issues.

