Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeKeralaവിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മരിച്ചു; പൊലീസിനെതിരെ...

വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മരിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം | Viyyur jail prisoner death

🎙️ Latest Podcast

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരനായിരുന്ന യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു (Viyyur jail prisoner death). മുകുന്ദപുരം താലൂക്ക് നെന്മണിക്കര വില്ലേജിൽ പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ രേഷ് ബാബു (33) ആണ് വ്യാഴാഴ്ച മരിച്ചത്. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മെഡിക്കൽ പരിശോധനകൾ കൃത്യമായി നടത്താതെ സാധാരണ ജയിലിലടച്ചതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പരക്കെ ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞ മേയ് 16-നാണ് ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മേയ് 17-ന് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–1 ഇയാളെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയക്കുകയായിരുന്നു. എന്നാൽ മേയ് 26-ന് വൈകിട്ടോടെ രേഷ് ബാബുവിന് സുഖമില്ലാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എത്രയും വേഗം എത്തണമെന്നും കാട്ടി ജയിൽ അധികൃതർ പിതാവ് ബാബുവിനെ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയ കുടുംബത്തോട് പോലീസ് പറഞ്ഞ കാരണങ്ങളിലാണ് ഇപ്പോൾ വലിയ ദുരൂഹത ഉയരുന്നത്. ജയിലിലെ ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുന്നതിനിടെ രേഷ് ബാബു ചന്ദനത്തിരിയുടെ മരക്കഷ്ണം (തിരിയില്ലാത്ത ഭാഗം) ഉപയോഗിച്ച് പല്ലിനിടയിൽ കുത്തിയെന്നും, തുടർന്ന് വായിൽ നിന്ന് രക്തം വരികയും ചോര ഛർദ്ദിക്കുകയും ചെയ്തു എന്നാണ് പോലീസ് ആദ്യം നൽകിയ വിശദീകരണം. ഇതേക്കുറിച്ചാണ് പിതാവ് സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്.

ആശുപത്രിയിൽ വെച്ച് മകനെ കണ്ടപ്പോൾ ചുണ്ടുകൾ വല്ലാതെ നീരുകെട്ടി വീർത്ത നിലയിലായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. ഡ്യൂട്ടി ഡോക്ടറോട് അന്വേഷിച്ചപ്പോൾ യുവാവിന്റെ തലയിൽ മാരകമായ ചതവ് പറ്റിയിട്ടുള്ളതായി കണ്ടെത്തിയെന്ന് അറിയിച്ചു. എന്നാൽ ഏതൊക്കെയോ മരുന്നുകൾ ഓവർഡോസ് (Overdose) കഴിച്ചതാണ് മരണകാരണമെന്നാണ് ഇപ്പോൾ പോലീസ് നൽകുന്ന പുതിയ വിശദീകരണം. ഈ വാദത്തെ കുടുംബം പൂർണ്ണമായി തള്ളിക്കളയുന്നു. തങ്ങളോ ബന്ധുക്കളോ ജയിലിൽ യാതൊരു മരുന്നും എത്തിച്ചു നൽകിയിട്ടില്ലെന്നും, മകന് സ്ഥിരമായി മരുന്ന് കഴിക്കേണ്ട മറ്റ് രോഗങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും പിതാവ് കമ്മീഷണറെ ബോധിപ്പിച്ചു. ജസ്റ്റീഷ്യൽ കസ്റ്റഡിയിലിരിക്കെ യുവാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Story Summary: Resh Babu (33), a mentally challenged remand prisoner at Viyyur Central Jail, died while undergoing treatment at Thrissur Medical College Hospital. His father filed a complaint with the City Police Commissioner, alleging foul play and police brutality after noticing a head injury and swollen lips, refuting the police claims of a medicine overdose.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.