Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeKeralaവാഹന മോഡിഫിക്കേഷൻ: അനുവദിച്ച 18 മാറ്റങ്ങളും പഴയവ തന്നെ; എം.വി.ഡി നിർദ്ദേശങ്ങളിൽ...

വാഹന മോഡിഫിക്കേഷൻ: അനുവദിച്ച 18 മാറ്റങ്ങളും പഴയവ തന്നെ; എം.വി.ഡി നിർദ്ദേശങ്ങളിൽ അതൃപ്തിയുമായി വാഹനപ്രേമികൾ | Kerala MVD vehicle modification rules

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ (Kerala MVD vehicle modification rules) വരുത്താൻ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് വാഹനപ്രേമികൾ. മോട്ടോർ വാഹന വകുപ്പ് (MVD) പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ അനുമതിയില്ലാതെ 18 തരം മാറ്റങ്ങൾ വരുത്താമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇവയെല്ലാം മുൻപ് തന്നെ നിയമപരമായി അനുവദനീയമായിരുന്ന കാര്യങ്ങളാണെന്നാണ് ഉയരുന്ന വിമർശനം. യുവാക്കളെയും വാഹനപ്രേമികളെയും തൃപ്തിപ്പെടുത്താൻ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാക്കായി മാറിയെന്നാണ് ആക്ഷേപം.

സീറ്റ് കവർ, സ്റ്റിയറിംഗ് വീൽ കവർ എന്നിവ മാറ്റുക, എയർ മാറ്റ് വെക്കുക, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും ഘടിപ്പിക്കുക തുടങ്ങിയവയാണ് മോട്ടോർ വാഹന വകുപ്പ് പുതുതായി പുറത്തുവിട്ട പട്ടികയിൽ അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളായി നിർദേശിച്ചിട്ടുള്ളത്. കൂടാതെ അനുവദനീയമായ തോതിൽ (50 ശതമാനം സുതാര്യതയുള്ള) കൂളിങ് ഫിലിം ഒട്ടിക്കാമെന്ന നിർദ്ദേശവും നിലവിലുള്ള നിയമത്തിൽ ഉള്ളതുതന്നെയാണ്.

ആർ.സി (RC Book) ബുക്കിൽ മാറ്റം വരുത്തി ചെയ്യാമെന്ന് എം.വി.ഡി നിർദ്ദേശിച്ചിട്ടുള്ള ആറ് തരം മോഡിഫിക്കേഷനുകളും മുൻപ് തന്നെ ആർ.ടി ഓഫീസുകളിൽ നിശ്ചിത ഫീസ് അടച്ച് ചെയ്യാമായിരുന്നവയാണ്. വാഹനത്തിന്റെ നിറം മാറ്റൽ, എൽ.പി.ജി / സി.എൻ.ജി കിറ്റ് വെക്കൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ എന്നിവയാണ് ഈ ഗണത്തിൽ നിർദേശിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങളെ പ്രതിപാദിക്കുന്ന ആൾട്രേഷൻ വിഭാഗം സെക്ഷൻ 52-നെ കുറിച്ച് യാതൊരു പരാമർശവുമില്ല. ഈ റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് കൈമാറും.

ഗതാഗത കമ്മീഷണറുടെ പ്രധാന നിർദ്ദേശങ്ങൾ:

അനുമതിയില്ലാതെ വരുത്താവുന്ന 18 തരം മാറ്റങ്ങൾ:

സീറ്റ് കവർ, എയർ മാറ്റ്, സ്റ്റിയറിംഗ് വീൽ കവർ.
ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ.
ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ.
പാർക്കിംഗ് സെൻസർ, ജി.പി.എസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം.
അഡിഷണൽ സ്പീക്കറുകൾ, സബ്വൂഫർ മോണിറ്റർ സിസ്റ്റം.
ടോ ഹുക്കുകൾ, റൂഫ് കാരിയറുകൾ.
50 ശതമാനം സുതാര്യമായ സൺ ഫിലിം.

ആർ.സിയിൽ മാറ്റം വരുത്തി ചെയ്യാവുന്നവ:

വാഹനത്തിന്റെ നിറം മാറ്റൽ, എഞ്ചിൻ മാറ്റൽ.
എൽ.പി.ജി / സി.എൻ.ജി കിറ്റ് വെക്കൽ, ഇലക്ട്രിക്കാക്കി മാറ്റൽ.
ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ, ചാസി ഫ്രെയിം മാറ്റൽ.

വാഹനങ്ങളുടെ ഘടനയിലും എഞ്ചിനിലും വരുത്തുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് ആണ്. പാർലമെന്റ് പാസാക്കിയ ഈ നിയമത്തിൽ വലിയ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് പരിമിതമായ അധികാരമേയുള്ളൂ. വാഹനം നിർമ്മിച്ച കമ്പനി നൽകുന്ന സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഇത്തരം മോഡിഫിക്കേഷനുകൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എം.വി.ഡിയുടെ പുതിയ നിർദ്ദേശങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Story Summary: Vehicle enthusiasts in Kerala expressed disappointment over the Motor Vehicles Department’s (MVD) new guidelines on vehicle modification. While the MVD listed 18 alterations that don’t require prior permission, critics point out that all these features, like seat covers and dash cams, were already legally permissible, and no changes were made to major structural modifications under Section 52.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.