മാപുട്ടോ: ദക്ഷിണാഫ്രിക്കയിൽ കുടിയേറ്റക്കാർക്കെതിരെ ആഴ്ചകളായി തുടരുന്ന വംശീയ അധിനിവേശ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ തങ്ങളുടെ അഞ്ച് പൗരന്മാർ കൊല്ലപ്പെട്ടതായി മൊസാംബിക് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു (South Africa Xenophobic Attacks). ദക്ഷിണാഫ്രിക്കയിലെ തീരദേശ നഗരമായ മോസൽ ബേയിൽ കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ വൻ അക്രമസംഭവങ്ങളിലാണ് ഈ ദാരുണ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ രാജ്യാപകമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്കിടയിൽ വിദേശ പൗരന്മാർ കൊല്ലപ്പെടുന്ന ആദ്യത്തെ ഔദ്യോഗിക സംഭവമാണിത്.
അക്രമങ്ങളെ തുടർന്ന് ജന്മനാട്ടിലേക്ക് സ്വകാര്യ വാഹനത്തിൽ മടങ്ങുന്നതിനിടെയുണ്ടായ റോഡപകടത്തിൽ മറ്റ് രണ്ട് മൊസാംബിക് പൗരന്മാരും മരണപ്പെട്ടതായി മൊസാംബിക് ഗവൺമെന്റ് പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട വംശീയ അതിക്രമങ്ങളിൽ എണ്ണൂറോളം മൊസാംബിക് പൗരന്മാരാണ് കുടുങ്ങിപ്പോയത്. ജീവന് ഭീഷണിയുണ്ടായതിനെ തുടർന്ന് മുന്നൂറോളം പേർ സ്വന്തം നിലയിൽ കഴിഞ്ഞ ശനിയാഴ്ച തന്നെ മൊസാംബിക്കിലേക്ക് മടങ്ങിപ്പോയിരുന്നു. വെസ്റ്റേൺ കേപ്പ് പ്രവിശ്യയിലെ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റ പാർപ്പിച്ചിരുന്ന അവശേഷിക്കുന്ന അഞ്ഞൂറിലധികം വരുന്ന ആളുകളെ ഔദ്യോഗികമായി നാട്ടിലെത്തിക്കാനുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള പുനരധിവാസ നടപടികൾ ജൂൺ ഒന്നു മുതൽ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. അക്രമങ്ങൾക്കിടെ ആളുകൾ കൊല്ലപ്പെടുകയും വീടുകൾക്ക് തീയിടുകയും ചെയ്ത സംഭവങ്ങളിൽ പ്രാദേശിക മേയർ ഡിർക്ക് കോട്സെ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയിട്ടുണ്ട്.
ജോഹന്നാസ്ബർഗ്, ഡർബൻ, ഈസ്റ്റേൺ കേപ്പ് പ്രവിശ്യകൾ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വിദേശി വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാണ്. ദക്ഷിണാഫ്രിക്കയിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കുടിയേറ്റ വിരുദ്ധ വികാരം ഇളക്കിവിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2008 ലും പിന്നീട് 2015, 2021 വർഷങ്ങളിലും ദക്ഷിണാഫ്രിക്കയിൽ വലിയ രീതിയിലുള്ള വിദേശി വിരുദ്ധ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിരുന്നു. അതിന് സമാനമായ ഒരു കടുത്ത വംശീയ പ്രതിസന്ധിയിലേക്കാണ് ദക്ഷിണാഫ്രിക്ക വീണ്ടും നീങ്ങുന്നതെന്ന ആശങ്കയിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ.
Summary: The Mozambican government confirmed that at least five of its citizens were killed in xenophobic attacks over the weekend in South Africa’s coastal town of Mossel Bay. The violence erupted amid nationwide anti-migrant protests, prompting around 300 Mozambicans to flee home immediately while another 500 are awaiting official repatriation. South African authorities are investigating the unrest, which mirrors past deadly flare-ups as political parties leverage anti-immigrant sentiment ahead of local elections.

