കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെെയുണ്ടായ അതിക്രമത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Abhishek Banerjee attacked West Bengal). സോനാർപൂരിലെ സംഘർഷസ്ഥലത്തുനിന്നും മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച സി.സി.ടി.വി, മൊബൈൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അഭിഷേക് ബാനർജിക്കെതിരെ കടുത്ത കൈയേറ്റ ശ്രമവും അക്രമവുമുണ്ടായത്. പ്രകോപിതരായ ജനക്കൂട്ടം അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും ‘ചോർ ചോർ’ (കള്ളൻ) എന്ന് വിളിച്ച് ആക്രോശിക്കുകയുമായിരുന്നു. അക്രമം അതിരൂക്ഷമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഒരു ക്രിക്കറ്റ് ഹെൽമറ്റ് ധരിപ്പിച്ചാണ് അഭിഷേകിനെ ജനക്കൂട്ടത്തിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപകമായ രാഷ്ട്രീയ അക്രമങ്ങളിൽ നിരവധി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഒരു ടി.എം.സി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഘർഷത്തിൽ മരിച്ച പ്രവർത്തകന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോകുന്നതിനിടെയാണ് വഴിയിൽ വെച്ച് ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ അഭിഷേകിനെ തടഞ്ഞു നിർത്തി ആക്രമിച്ചതെന്ന് ടി.എം.സി ആരോപിച്ചു.
ആക്രമണത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ട അഭിഷേക് ബാനർജിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കും ശേഷം രാത്രിയോടെ ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസ് നേതൃത്വമോ പോലീസിൽ ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ പ്രദേശത്തെ ക്രമസമാധാന തകർച്ചയും വിഷയത്തിന്റെ ഗൗരവവും കണക്കിലെടുത്ത് പോലീസ് ഈ സംഭവത്തിൽ സ്വമേധയാ (Suo Motu) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary: West Bengal police arrested four people on Saturday night in connection with the attack on TMC MP Abhishek Banerjee in Sonarpur. The arrests were made after analyzing video footage of the incident, where a crowd pelted stones and eggs at him while he was visiting the family of a deceased party worker.

