കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ (CMRL) സമർപ്പിച്ച സുപ്രധാന ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും (Masappadi case Kerala). ജസ്റ്റിസ് രാജ വിജയരാഘവന്റെ സിംഗിൾ ബെഞ്ചാണ് ഈ ഹർജിയിൽ നാളെ വാദം കേൾക്കുക. ഹർജിയെ നിയമപരമായി ശക്തമായി നേരിടാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സി.എം.ആർ.എൽ ഓഫീസുകളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങൾ ഇ.ഡി നാളെ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറും.
പരിശോധനയ്ക്കിടെ സി.എം.ആർ.എൽ അധികൃതരുടെ ഭാഗത്തുനിന്നും ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ കയ്യേറ്റവും ഭീഷണികളും അടക്കമുള്ള വിവരങ്ങൾ കോടതിയെ കൃത്യമായി ബോധ്യപ്പെടുത്താനും കേന്ദ്ര ഏജൻസി ഒരുങ്ങുന്നുണ്ട്. അന്വേഷണത്തോട് കമ്പനി ഒട്ടും സഹകരിക്കുന്നില്ലെന്ന കാര്യവും ഇ.ഡി കോടതിയിൽ ഉന്നയിക്കും. എന്നാൽ, ദേശീയതലത്തിൽ തന്നെയുള്ള മുതിർന്ന സുപ്രീംകോടതി അഭിഭാഷകരെ വലിയ പ്രതിഫലം നൽകി ഇറക്കി തങ്ങൾക്ക് അനുകൂലമായ സ്റ്റേ ഉത്തരവ് സമ്പാദിക്കാനാണ് സി.എം.ആർ.എൽ നിലവിൽ ശ്രമിക്കുന്നത്.
തങ്ങൾക്കെതിരെ യാതൊരുവിധ പ്രാഥമിക തെളിവുകളുമില്ലാതെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകുന്നതെന്നാണ് സി.എം.ആർ.എല്ലിന്റെ പ്രധാന വാദം. എന്നാൽ കമ്പനിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളുന്ന നിലപാടാണ് ഇ.ഡിക്ക് ഉള്ളത്. മാസപ്പടി ഇടപാടിൽ കമ്പനിക്ക് കൃത്യമായ പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ള പ്രമുഖർ ഈ കള്ളപ്പണ ഇടപാടിൽ എങ്ങനെയാണ് ഇടപെട്ടതെന്ന് കൃത്യമായി വാദിക്കാനും ആവശ്യമായ രേഖകൾ കോടതിയിൽ നിരത്താനുമാണ് ഇ.ഡി സംഘത്തിന്റെ നീക്കം. നാളത്തെ കോടതി വിധി മാസപ്പടി കേസിലെ തുടർ അന്വേഷണത്തിൽ അതീവ നിർണ്ണായകമാകും.
Story Summary: The Kerala High Court bench of Justice Raja Vijayaraghavan will consider CMRL’s plea seeking a stay on the ED’s probe into the monthly payment (Masappadi) case tomorrow. Meanwhile, the ED is set to submit crucial raid details in a sealed cover, highlighting the alleged assault on its officials during the inspection.

