തിരുവനന്തപുരം: പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചുകളിൽ നിന്നും വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത സാമ്പത്തിക ബാധ്യതയാകുന്നു (KSEB power purchase cost RTI details). സംസ്ഥാനത്ത് വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവര്ഷം 12,000 കോടി രൂപ കവിഞ്ഞതായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (KSEB) ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിക്കാതെ ഉപഭോഗം മാത്രം കുത്തനെ ഉയരുന്നതാണ് കെ.എസ്.ഇ.ബിക്ക് വലിയ തിരിച്ചടിയാവുന്നത്.
കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങിയത്. വിവരാവകാശ രേഖകൾ പ്രകാരം, 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനായി കെ.എസ്.ഇ.ബി ചെലവിട്ട തുക 10,000 കോടി രൂപയ്ക്ക് മുകളിലാണ്. തുകയിൽ മാത്രമല്ല, ഇത്തരത്തിൽ വാങ്ങിയ വൈദ്യുതി യൂണിറ്റിന്റെ അളവിലും സമാനമായ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
വിവിധ സാമ്പത്തിക വർഷങ്ങളിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ചെലവഴിച്ച തുകയുടെ വിഹിതം താഴെ നൽകുന്നു:
കഴിഞ്ഞ 3 വർഷങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ്:
2022 – 2023: 11,241 കോടി രൂപ
2023 – 2024: 12,983 കോടി രൂപ
2024 – 2025: 12,750 കോടി രൂപ
മുൻവർഷങ്ങളിലെ കണക്കുകൾ:
മുൻകാലങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ കോവിഡിന് മുൻപ് ഈ ബാധ്യത വളരെ കുറവായിരുന്നു എന്ന് വ്യക്തമാകും.
2016 – 2017: 7,393 കോടി രൂപ
2017 – 2018: 7,526 കോടി രൂപ
2018 – 2019: 7,869 കോടി രൂപ
2019 – 2020: 8,680 കോടി രൂപ
2020 – 2021: 8,058 കോടി രൂപ
2021 – 2022: 8,532 കോടി രൂപ
ലോക്ഡൗണിന് ശേഷം ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതി ഉപയോഗം റെക്കോർഡ് വേഗതയിലാണ് ഉയർന്നത്. എന്നാൽ ഈ ആവശ്യകതയ്ക്ക് അനുസരിച്ച് സംസ്ഥാനത്തിനുള്ളിൽ പുതിയ ഉൽപ്പാദന സ്രോതസ്സുകൾ കണ്ടെത്താനോ പദ്ധതികൾ പൂർത്തിയാക്കാനോ കഴിയാത്തതാണ് പ്രതിവർഷം പതിനായിരം കോടിയിലധികം രൂപ പുറത്തേക്ക് ഒഴുക്കാൻ കെ.എസ്.ഇ.ബിയെ നിർബന്ധിതമാക്കുന്നത്.
Story Summary: According to KSEB RTI documents, purchasing electricity from outside sources has become a massive financial burden for Kerala, with annual expenses crossing ₹12,000 crore. Post-COVID lockdown, power consumption has surged rapidly, leading KSEB to spend ₹12,983 crore in FY 2023-24 and ₹12,750 crore in FY 2024-25.

