ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങൾ മൂലമുള്ള മരണസംഖ്യ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി എൻസിആർബിയുടെ 2024-ലെ റിപ്പോർട്ട് (Road Accidents India). ഒരു വർഷത്തിനിടെ 1.99 ലക്ഷം പേർക്കാണ് ട്രാഫിക് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് മരണനിരക്കിൽ 0.79 ശതമാനത്തിന്റെ വർധനവുണ്ട്. രാജ്യത്തെ ആകെ അപകടമരണങ്ങളിൽ 42.6 ശതമാനവും വാഹനാപകടങ്ങൾ മൂലമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരുചക്ര വാഹനങ്ങൾ വില്ലനാകുന്നു
അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്ര വാഹന യാത്രക്കാരാണ്. 84,599 പേരാണ് ഈ വിഭാഗത്തിൽ മരിച്ചത്. കാർ അപകടങ്ങളിൽ 23,739 പേർക്കും, കാൽനടയാത്രയിൽ 25,769 പേർക്കും ജീവൻ നഷ്ടമായി. ഇരുചക്ര വാഹന അപകടങ്ങളിൽ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയ്ക്ക് പിന്നാലെ റെയിൽവേ ക്രോസിംഗുകളിലെ മരണനിരക്കിൽ കേരളം (14.1%) മൂന്നാം സ്ഥാനത്താണ് എന്നത് ശ്രദ്ധേയമാണ്.
പ്രധാന കാരണങ്ങൾ
അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ മനുഷ്യസഹജമായ പിഴവുകളാണ് പട്ടികയിൽ മുന്നിൽ:
അമിതവേഗത: 58% (മരണങ്ങളുടെ പ്രധാന കാരണം).
അപകടകരമായ ഡ്രൈവിംഗ്: 26.3%.
മദ്യപിച്ചുള്ള ഡ്രൈവിംഗ്: 1.9%.
കാലാവസ്ഥ: 2.9%.
സംസ്ഥാനങ്ങളിലെ സ്ഥിതിയും സാമ്പത്തിക ആഘാതവും
മരണസംഖ്യയിൽ ഉത്തർപ്രദേശ് (27,071), തമിഴ്നാട് (20,390), മഹാരാഷ്ട്ര (19,475) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. രാജ്യത്തെ ആകെ വാഹനാപകട മരണങ്ങളുടെ 33.6 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് സംഭവിക്കുന്നത്.
റോഡപകടങ്ങൾ മൂലം ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 3.14 ശതമാനത്തോളം സാമൂഹിക-സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയുള്ള സമയത്താണ് രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്സവ സീസണായ ഒക്ടോബർ മാസത്തിലാണ് അപകട നിരക്ക് ഏറ്റവും കൂടുതൽ ഉയരുന്നത്. മുൻകരുതൽ നടപടികളിലൂടെ തടയാവുന്നവയാണ് ഭൂരിഭാഗം അപകടങ്ങളുമെന്ന് എൻസിആർബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Story Summary: NCRB’s 2024 report highlights a tragic rise in India’s road accident fatalities, with 1.99 lakh deaths annually, averaging 546 lives per day. Over-speeding remains the primary cause, while two-wheelers account for the highest casualties. The report also notes that road accidents drain approximately 3.14% of India’s GDP.

