കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി (West Bengal Election Results). നിലവിലെ നിയമസഭയുടെ കാലാവധി ഇന്ന് (മെയ് 7) അവസാനിക്കാനിരിക്കെ, ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുകയാണ്. “അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ” എന്നായിരുന്നു കൊൽക്കത്തയിൽ മമതയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി ഒത്തുകളിച്ചുവെന്നും മഹാരാഷ്ട്രയിലും ബിഹാറിലും നടന്നതിന് സമാനമായ അട്ടിമറിയാണ് ബംഗാളിലും ഉണ്ടായതെന്നും മമത ആരോപിച്ചു. തോൽവി അംഗീകരിക്കാൻ തയ്യാറാവാത്ത മമത, സഭ ചേരുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 29 മുതൽ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും തൃണമൂൽ തീരുമാനിച്ചു.
പരാജയപ്പെട്ട മുഖ്യമന്ത്രി പദവി ഒഴിയാത്തത് ബംഗാളിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിതുറക്കുന്നു. മുഖ്യമന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും, തുടർന്ന് ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാമെന്നും ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മമത ബാനർജിയെ ഉടൻ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ അടുത്ത നീക്കം ബംഗാൾ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
Story Summary: Mamata Banerjee refused to resign as West Bengal Chief Minister despite an election defeat, leading to a major constitutional crisis as the assembly term ends today. Claiming election manipulation, she challenged the Governor to dismiss her while directing TMC MLAs to protest in black attire.

