കോഴിക്കോട്: ചുരം റോഡിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറിയതോടെ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ.തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശിയായ നൗഫൽ മണക്കാട്ടുപൊയിൽ എന്ന യുവാവാണ് പെരുമ്പാമ്പ് കാരണം വഴിയിൽ കുടുങ്ങിയത് (Python inside scooter). തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലുള്ള ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിന് സമീപമെത്തിയപ്പോൾ കാട്ടിൽ നിന്ന് ഒരു പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് നൗഫലിന്റെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട നൗഫൽ സ്കൂട്ടറിൽ നിന്ന് വീഴുകയും ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. വീണിടത്തുനിന്ന് എഴുന്നേറ്റ് സ്കൂട്ടർ എടുക്കാൻ നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി പാമ്പ് വാഹനത്തിന്റെ ബോഡിക്കുള്ളിലേക്ക് കയറിയത്.
സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പാമ്പ് സ്കൂട്ടറിനുള്ളിൽ പൂർണ്ണമായും ഒളിച്ചിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തക്കാരൻ സ്ഥലത്തെത്തി. പാമ്പിനെ പുറത്തെടുക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടർന്ന് സ്കൂട്ടറിന്റെ ബോഡി ഭാഗങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റേണ്ടി വന്നു. നാട്ടുകാരും പാമ്പ് പിടിത്തക്കാരനും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ അർധരാത്രി ഒരു മണിയോടെയാണ് പാമ്പിനെ പുറത്തെടുത്തത്. അതിനുശേഷമാണ് നൗഫലിന് യാത്ര തുടരാനായത്. കുറ്റ്യാടി പാറക്കടവിലെ ചിക്കൻ സ്റ്റാളിലെ ജീവനക്കാരനാണ് നൗഫൽ.
Story Summary: A youth named Noufal from Kozhikode was stranded for over three hours after a python crawled into his scooter at Wayanad Churam. While riding to Wayanad, Noufal braked suddenly to avoid hitting the snake, causing him to fall. As he tried to recover the vehicle, the python hid inside the scooter’s body. A snake catcher and locals had to dismantle the vehicle parts to safely remove the snake by 1:00 AM.

