ന്യൂഡൽഹി: ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി. മുല്ലൻപൂരിലെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.(Riyan Parag slapped with 25% fine and 1 demerit point for vaping during IPL match)
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 പ്രകാരം, “ക്രിക്കറ്റ് കളിക്ക് അപകീർത്തികരമായ രീതിയിൽ പെരുമാറി” എന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്.
ലെവൽ 1 ഗണത്തിൽപ്പെടുന്ന കുറ്റമായതിനാൽ മാച്ച് റഫറി അമിത് ശർമ്മ നിശ്ചയിച്ച ശിക്ഷ പരാഗ് അംഗീകരിച്ചു. ഇതിനായി പ്രത്യേക വാദം കേൾക്കൽ ആവശ്യമായി വന്നില്ല. ഓൺ-ഫീൽഡ് അമ്പയർമാരായ തന്മയ് ശ്രീവാസ്തവ, നിതിൻ മേനോൻ എന്നിവർ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പരാതി നൽകുകയായിരുന്നു. സംഭവം ഗൗരവകരമായാണ് ബിസിസിഐ കാണുന്നത്.

