ന്യൂഡൽഹി: 2008-ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ആ വിജയത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്നു അജിതേഷ് അർഗൽ (Virat Kohli Ajitesh Argal Viral Meeting). ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ഏഴ് റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ആയത് അജിതേഷായിരുന്നു. 18 വർഷങ്ങൾക്കിപ്പുറം, വിരാട് കോലി ലോകക്രിക്കറ്റിലെ ഇതിഹാസമായി വളർന്നപ്പോൾ, അജിതേഷ് അർഗൽ പുതിയൊരു റോളിൽ കോലിയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് – ഐപിഎൽ അമ്പയറായി.
തിങ്കളാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെയാണ് പഴയ സഹതാരങ്ങൾ വീണ്ടും കളിക്കളത്തിൽ ഒന്നിച്ചത്. മത്സരശേഷം ഇരുവരും സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2008-ലെ ലോകകപ്പ് ഓർമ്മകൾ ആരാധകർ ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു.
ലോകകപ്പ് വിജയത്തിന് ശേഷം 2008 ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് അജിതേഷിനെ തിരഞ്ഞെടുത്തെങ്കിലും ക്രിക്കറ്റിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തുടർന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയിൽ പ്രവേശിച്ച അജിതേഷ്, ബി.സി.സി.ഐയുടെ അമ്പയറിംഗ് പരീക്ഷ വിജയിച്ചാണ് ഈ സീസണിൽ ഐപിഎൽ അമ്പയറായി എത്തിയത്. ഡൽഹി ക്യാപിറ്റൽസിനെ വെറും 75 റൺസിന് പുറത്താക്കി ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാറിന്റെയും ജോഷ് ഹേസൽവുഡിന്റെയും മികച്ച ബൗളിംഗാണ് ആർസിബിക്ക് ജയമൊരുക്കിയത്.
9000 ഐപിഎൽ റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ മത്സരത്തിലൂടെ വിരാട് കോലി സ്വന്തമാക്കി. 18 വർഷം മുൻപ് ഒരേ ടീമിനായി കളിച്ചവർ ഇന്ന് രണ്ട് വ്യത്യസ്ത റോളുകളിൽ നേർക്കുനേർ വന്നത് ക്രിക്കറ്റ് ലോകത്തിന് കൗതുകകരമായ കാഴ്ചയായി.
Summary: Former U-19 World Cup teammates Virat Kohli and Ajitesh Argal reunited on the field during the RCB vs DC match, but in different roles. While Kohli continues to dominate as a star batter, Argal, the 2008 U-19 World Cup Final’s ‘Player of the Match’, has debuted as an IPL umpire in 2026. Their viral interaction after RCB’s nine-wicket win has sparked nostalgia among cricket fans, reminiscing about India’s 2008 victory under Kohli’s captaincy.

