ലണ്ടൻ: വരുംതലമുറയെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പുകയില വിരുദ്ധ ബില്ലിന് ബ്രിട്ടീഷ് പാർലമെന്റ് അംഗീകാരം നൽകി (UK smoking ban). ഇതനുസരിച്ച് 2008-ലോ അതിന് ശേഷമോ ജനിച്ചവർക്ക് ബ്രിട്ടനിൽ സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നത് നിയമവിരുദ്ധമാകും. നിലവിൽ പുകവലിക്കുന്നവർക്ക് ഈ നിയമം ബാധകമല്ലെങ്കിലും, പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി ഓരോ വർഷവും വർദ്ധിപ്പിക്കുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.
പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന അർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിവ തടയുന്നതിനും ആരോഗ്യമേഖലയിലെ ഭാരിച്ച ചെലവ് കുറയ്ക്കുന്നതിനുമാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും ശിക്ഷയും ലഭിക്കും. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന വേപ്പിംഗ് (vaping) ശീലത്തിന് തടയിടാനുള്ള കർശന നിയന്ത്രണങ്ങളും പുതിയ നിയമത്തിന്റെ ഭാഗമാണ്.
കൺസർവേറ്റീവ് പാർട്ടിയിലെ ചില അംഗങ്ങൾക്കിടയിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ലേബർ പാർട്ടിയുടെ പിന്തുണയോടെയാണ് ബില്ല് പാസ്സായത്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ ഈ നടപടി ഉപകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ നിലപാട്. ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നായി ഇതോടെ ബ്രിട്ടൻ മാറി.
Summary: The UK Parliament has passed a historic bill to ban the sale of tobacco products to anyone born after 2008, aiming to create a smoke-free generation. The legislation will effectively raise the legal smoking age by one year every year, making it illegal for today’s youths to ever buy cigarettes lawfully.

