ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് (Mallikarjun Kharge). പരാമർശത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഖർഗെയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ വ്യാപക പരാതികൾ നൽകിയിട്ടും മൗനം പാലിച്ച കമ്മീഷൻ, ഖർഗെയ്‌ക്കെതിരെ കാണിക്കുന്ന തിടുക്കം പക്ഷപാതപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. കമ്മീഷൻ്റെ അടിത്തറ തകർക്കുന്ന നീക്കമാണിതെന്ന് ബിനോയ് വിശ്വം വിമർശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുബന്ധ ഓഫീസായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കമ്മീഷൻ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും താല്പര്യങ്ങൾക്കനുസരിച്ചാണ് നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഖർഗെ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഖർഗെയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ കർശന നടപടികളിലേക്ക് കടന്നേക്കും.
Summary: The Election Commission has issued a notice to AICC President Mallikarjun Kharge over his ‘terrorist’ remark against PM Modi, following a BJP complaint. While the BJP demands a campaign ban, Congress and opposition leaders have criticized the EC for its alleged bias and for acting as an extension of the Home Ministry.

