ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ, ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി (T.N. Prathapan). പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുൻ എം.പി ടി.എൻ. പ്രതാപനാണ് കോടതിയെ സമീപിച്ചത്.
ഏപ്രിൽ 18-ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലുടനീളം പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ടി.എൻ. പ്രതാപൻ ആരോപിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.
തെരഞ്ഞെടുപ്പ് വേളയിൽ സർക്കാർ മാധ്യമമായ ദൂരദർശനെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.
Summary: T.N. Prathapan has moved the Supreme Court against PM Narendra Modi, alleging misuse of official position for a political speech on Doordarshan during assembly elections. The writ petition claims a violation of the Model Code of Conduct and criticizes the Election Commission for failing to take action.

