ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടർന്നുപോന്ന സമാധാന നയങ്ങളിൽ (Pacifist Policy) മാറ്റം വരുത്തിക്കൊണ്ട് മാരകായുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രധാനമന്ത്രി സനേ തകൈച്ചി നീക്കി ( Japan Lethal Weapons Export Ban Lifted). ഇതോടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ വിദേശരാജ്യങ്ങൾക്ക് വിൽക്കാൻ ജപ്പാന് സാധിക്കും.
1967 മുതൽ നിലനിന്നിരുന്ന കർശനമായ നിയന്ത്രണങ്ങളാണ് ജപ്പാൻ ഒഴിവാക്കിയത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച് ആയുധങ്ങൾ ഉപയോഗിക്കുമെന്ന് ഉറപ്പുനൽകുന്ന രാജ്യങ്ങൾക്ക് ഇനി ജപ്പാനിൽ നിന്നും നിർമ്മിത ആയുധങ്ങൾ വാങ്ങാം. തുടക്കത്തിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഉൾപ്പെടെ 17 രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. മാറുന്ന ആഗോള സുരക്ഷാ സാഹചര്യങ്ങളിൽ ഒരു രാജ്യത്തിന് മാത്രമായി സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി സനേ തകൈച്ചി വ്യക്തമാക്കി. ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക സ്വാധീനത്തെ പ്രതിരോധിക്കാനാണ് ജപ്പാന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
ഓസ്ട്രേലിയൻ നാവികസേനയ്ക്കായി 11 യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള 7 ബില്യൺ ഡോളറിന്റെ കരാറിൽ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ഇതിനകം ഒപ്പുവെച്ചു കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികളുടെ പേരുകൾ ഉൾപ്പെട്ട യാസുകുനി ദേവാലയത്തിൽ പ്രധാനമന്ത്രി വഴിപാടുകൾ സമർപ്പിച്ചത് ചൈനയെയും ദക്ഷിണ കൊറിയയെയും ചൊടിപ്പിച്ചിട്ടുണ്ട്. ജപ്പാന്റെ “പുതിയ സൈനികവൽക്കരണത്തെ” ശക്തമായി ചെറുക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ജപ്പാന്റെ “അയൺ ലേഡി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സനേ തകൈച്ചിയുടെ ഈ തീരുമാനം ഏഷ്യ-പസഫിക് മേഖലയിലെ പ്രതിരോധ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തും.
Summary: In a historic shift from its post-WWII pacifist constitution, Japan’s cabinet led by PM Sanae Takaichi has lifted the ban on exporting lethal weapons, including fighter jets and missiles. This amendment allows the transfer of defense equipment to countries committed to the UN Charter, with Australia and the Philippines among early potential buyers. While Japan cites a “severe security environment,” China has condemned the move as reckless militarization. The policy change coincides with a $7bn warship deal between Japan and Australia.

