പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു (Palakkad Heatwave). ഏപ്രിൽ 20 (തിങ്കൾ) മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
സ്കൂളുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കി 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ കളക്ടർ നിർദ്ദേശിച്ചു. പരീക്ഷകൾ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തുടരാവുന്നതാണ്. ജില്ലയിലെ താപനില 37°C-ൽ താഴെ തുടർച്ചയായി രണ്ട് ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമേ ഈ നിയന്ത്രണം പിൻവലിക്കുകയുള്ളൂ.
ജില്ലയിൽ നിലവിൽ 40.1°C താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനുഭവപ്പെടുന്ന ചൂട് (Field Temperature) 45°C വരെ ഉയരാം. ഉയർന്ന യു.വി ഇൻഡക്സ് (7) ഉള്ളതിനാൽ ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയും, ക്ലാസ് മുറികളിലെ വായുസഞ്ചാര കുറവും പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടി.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് (Yellow Alert)
കേരളത്തിൽ മിക്ക ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
| ജില്ല | പ്രതീക്ഷിക്കുന്ന താപനില |
| പാലക്കാട് | 40°C |
| കൊല്ലം | 39°C |
| കോട്ടയം | 38°C |
| ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് | 37°C |
| തിരുവനന്തപുരം | 36°C |
ശ്രദ്ധിക്കുക: ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും. നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
Story Summary : Due to extreme heat and a recorded temperature of 40.1°C, the Palakkad District Collector has ordered the suspension of physical classes in all educational institutions starting April 20. Institutions are directed to shift to online mode until the temperature drops below 37°C for two consecutive days.

