ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താൻ ഒരുങ്ങുന്നു (US Iran Peace Talks Islamabad). ചർച്ചകൾ ഏതു നിമിഷവും നടന്നേക്കാമെന്ന സൂചനയെത്തുടർന്ന് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാവൽപിണ്ടിയിൽ മാത്രം പതിനായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ എത്തുന്ന റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഏപ്രിൽ 18 അർദ്ധരാത്രി മുതൽ തന്നെ സുരക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രണ്ടാം ഘട്ട ചർച്ചയുടെ ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇസ്ലാമാബാദിൽ തന്നെ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിട്ടുണ്ട്. പാകിസ്താൻ സൈനിക മേധാവി മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇറാൻ സുരക്ഷാ കൗൺസിൽ പരിശോധിച്ച് വരികയാണ്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചകൾക്ക് ഇപ്പോഴും വിലങ്ങുതടിയാവുന്നുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്തതിനാൽ ഇറാൻ ഹോർമുസ് വീണ്ടും അടച്ചതാണ് പ്രധാന വെല്ലുവിളി.
ഔദ്യോഗിക പ്രതിനിധികൾ എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ഞായറാഴ്ച ഇസ്ലാമാബാദിൽ എത്താൻ സാധ്യതയുണ്ട്. ചർച്ചകൾ നടക്കുന്ന ദിവസങ്ങളിൽ ഇസ്ലാമാബാദിൽ പൊതു അവധി പ്രഖ്യാപിക്കാനും പാക് അധികൃതർക്ക് പദ്ധതിയുണ്ട്. ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ടത്തിലൂടെ മേഖലയിലെ സംഘർഷത്തിന് അയവ് വരുത്താൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ.
Summary: Pakistan has heightened security in Islamabad and Rawalpindi in anticipation of the second round of peace talks between the US and Iran. Over 10,000 police personnel have been deployed, especially around the Noor Khan Airbase where delegates are expected to land. While US President Donald Trump signaled that the talks would likely occur in Islamabad, official dates remain unconfirmed as tensions over the Strait of Hormuz persist. Pakistan remains hopeful of a breakthrough despite the failure of the first round of negotiations.

