Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeWorldപരീക്ഷണം തുടർന്ന് ഉത്തര കൊറിയ: ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു, ജാഗ്രതയോടെ...

പരീക്ഷണം തുടർന്ന് ഉത്തര കൊറിയ: ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു, ജാഗ്രതയോടെ ദക്ഷിണ കൊറിയയും ജപ്പാനും | North Korea

🎙️ Latest Podcast

പ്യോങ്യാങ് : ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച രാവിലെ ഉത്തര കൊറിയയുടെ കിഴക്കൻ മേഖലയായ സിൻപോയിൽ നിന്നാണ് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.(North Korea launches multiple ballistic missiles as test towards the sea )

ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കത്തെത്തുടർന്ന് ദക്ഷിണ കൊറിയ നിരീക്ഷണം ശക്തമാക്കി. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വിവരങ്ങൾ കൈമാറി വരികയാണ്. മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

മിസൈലുകൾ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ കടലിലാണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണ് ഉത്തര കൊറിയ നടത്തുന്നതെന്നും പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനത്തിന് ഇത് ഭീഷണിയാണെന്നും ജപ്പാൻ ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ഡിസ്ട്രോയർ കപ്പലിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുന്നത് ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നു. ആണവശക്തിയുടെ ‘അതിരുകളില്ലാത്ത വിപുലീകരണത്തിൽ’ തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ആണവ ആക്രമണ ശേഷി വർദ്ധിപ്പിക്കാൻ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും കിം വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുടെ ആണവ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളിൽ ‘അതിവേഗത്തിലുള്ള വർദ്ധനവ്’ ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ മിസൈലുകളിൽ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ഇത് മേഖലയിൽ കൂടുതൽ ആശങ്കകൾക്ക് വഴിതുറക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.