മുംബൈയിൽ ഉഷ്ണതരംഗം തുടരുന്നതിനിടെ, അന്ധേരിയിലെ ഒരു കൂട്ടം കുട്ടികൾ നടത്തിയ മാതൃകാപരമായ പ്രവർത്തനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Mumbai Heatwave Relief 2026). തങ്ങളുടെ പോക്കറ്റ് മണി ഉപയോഗിച്ച് സർബത്ത് തയ്യാറാക്കി തളർന്നു വരുന്നവർക്ക് വിതരണം ചെയ്താണ് ഈ കൊച്ചു മിടുക്കർ മാതൃകയായത്.
അന്ധേരിയിലെ തെരുവുകളിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് പണിയെടുക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കുമാണ് കുട്ടികൾ തണുത്ത സർബത്ത് നൽകിയത്. റോഡരികിൽ ഒരു ചെറിയ സ്റ്റാൾ ഒരുക്കിയാണ് ഇവർ ഈ സേവനം നടത്തിയത്. കുട്ടികൾ ഓരോ വാഹനവും കൈകാട്ടി നിർത്തി ഗ്ലാസുകളിൽ ശർബത്ത് പകർന്നു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. “മുംബൈയിലെ ചൂടിനെ നേരിടാൻ ഒരു ചെറിയ സഹായം” എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്.
കുട്ടികളുടെ ഈ നിസ്വാർത്ഥമായ പ്രവർത്തിയെ ഓട്ടോ ഡ്രൈവർമാർ നിറഞ്ഞ ചിരിയോടെയാണ് സ്വീകരിച്ചത്. കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്ന് അവർ പറഞ്ഞു. സഹജീവികളോടുള്ള കരുണയും കരുതലും പ്രായത്തിന് അതീതമാണെന്ന് ഈ കുട്ടികൾ തെളിയിച്ചു. മുംബൈയിലെ തിരക്കേറിയ ജീവിതത്തിനിടയിലും ഇത്തരം നന്മകൾ ഇനിയും ബാക്കിയുണ്ടെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
ആയിരക്കണക്കിന് ആളുകളാണ് ഈ കൊച്ചു മിടുക്കരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇത്തരം ചെറിയ കാര്യങ്ങളാണ് ലോകത്തെ കൂടുതൽ മനോഹരമാക്കുന്നതെന്ന് പലരും കുറിച്ചു.
View this post on Instagram

