തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ നൂറുകണക്കിന് കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, ഒമാൻ വഴി കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ (Strait of Hormuz Crisis). വിഷയത്തിൽ ഇറാൻ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗതാഗത സ്തംഭനം ഒഴിവാക്കാൻ ഇത്തരമൊരു നീക്കത്തിന് സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 28 മുതൽ ഏകദേശം നൂറിലധികം ടാങ്കറുകളും മറ്റ് കപ്പലുകളും ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. 20,000-ത്തോളം കപ്പൽ ജീവനക്കാരാണ് ഇതിലൂടെ ദുരിതമനുഭവിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് തടസ്സങ്ങളുണ്ടാകാതെ ഒമാൻ കടലിടുക്കിലൂടെ കപ്പലുകൾ കടത്തി വിടാനാകും എന്നതാണ് പുതിയ നിർദ്ദേശം. സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്ന ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസിയായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) വ്യക്തമാക്കി.
അതേസമയം , ഇറാൻ മുന്നോട്ടുവെക്കുന്ന ഈ നിർദ്ദേശത്തിൽ ഇപ്പോഴും ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ എല്ലാ കപ്പലുകളെയും കടത്തിവിടുമോ എന്ന കാര്യത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. സമുദ്രപാതയിൽ മൈനുകൾ സ്ഥാപിക്കപ്പെട്ടാൽ അത് നീക്കം ചെയ്യുന്നതിൽ ഇറാൻ സഹകരിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നു.
അമേരിക്കയുമായുള്ള ചില തന്ത്രപരമായ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടാൽ മാത്രമേ ഒമാൻ വഴിയുള്ള ഗതാഗതത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ ഒമാൻ ഭാഗം ഒഴികെയുള്ള മേഖലകളിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാനാണ് ഇറാന്റെ നീക്കം. യുദ്ധസാഹചര്യത്തിൽ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസിലെ സ്തംഭനം ആഗോള വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
Story Summary: Amid the ongoing shipping crisis in the Strait of Hormuz, Iran has hinted at allowing vessels to pass through Oman’s territorial waters. While the IMO has welcomed the move, uncertainties remain regarding ships linked to Israel and security concerns like sea mines.

