Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeIran Israel Conflictലോകം ശ്വാസമടക്കിപ്പിടിച്ച 90 മിനിറ്റുകൾ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്...

ലോകം ശ്വാസമടക്കിപ്പിടിച്ച 90 മിനിറ്റുകൾ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ് | Iran

🎙️ Latest Podcast

ടെഹ്റാൻ: ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിൽ നിന്ന് ഇറാനും അമേരിക്കയും താൽക്കാലിക വെടിനിർത്തലിലേക്ക്. ഇറാനെ ഉന്മൂലനാശം ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേൽ രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു.(90 minutes that held the world’s breath, Trump announces two-week ceasefire in Iran)

ഒരു നാഗരികത പൂർണ്ണമായും അസ്തമിക്കും എന്നടക്കമുള്ള കടുത്ത ഭാഷയിലാണ് ട്രംപ് അന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. പാലങ്ങളും വൈദ്യുത നിലയങ്ങളുമടക്കം ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ തകർക്കാനുള്ള ലക്ഷ്യപ്പട്ടിക അമേരിക്ക തയ്യാറാക്കിയിരുന്നു. ആക്രമണ ഭീഷണി നിലനിൽക്കെ, രാജ്യത്തെ വൈദ്യുത നിലയങ്ങൾക്ക് ചുറ്റും ആയിരക്കണക്കിന് ആളുകൾ അണിനിരന്ന് ‘മനുഷ്യ ശൃംഖല’ തീർത്തു. സാധാരണക്കാരും വിദ്യാർത്ഥികളും കൈകോർത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.

വെടിനിർത്തലിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ഇറാനിലെ റെയിൽവേ ശൃംഖലകളിലും എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലും ഇസ്രയേലും അമേരിക്കയും ശക്തമായ പ്രഹരങ്ങൾ ഏൽപ്പിച്ചിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഇടപെടലുകളാണ് സമാധാന ചർച്ചകളിൽ നിർണ്ണായകമായത്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്ന ഉപാധിയോടെ രണ്ടാഴ്ചത്തെ സാവകാശം എന്ന നിർദ്ദേശം ഷെരീഫാണ് മുന്നോട്ടുവെച്ചത്. അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ഭിന്നസ്വരങ്ങൾക്കിടയിലും ജെ.ഡി വാൻസ് അടക്കമുള്ളവരുടെ ഉപദേശം സ്വീകരിച്ച് ട്രംപ് കരാറിന് സമ്മതിക്കുകയായിരുന്നു.

ഇറാനെതിരെയുള്ള കടുത്ത സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഉടനടി സുരക്ഷിതമായി തുറന്നുകൊടുക്കും. വെടിനിർത്തൽ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടായി. ക്രൂഡ് ഓയിൽ വില മിനിറ്റുകൾക്കുള്ളിൽ 9 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 96 ഡോളറിലെത്തി. അമേരിക്കൻ ഓഹരി വിപണികളായ നാസ്ഡാക്കും എസ്&പിയും വലിയ കുതിച്ചുചാട്ടം നടത്തി. നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും മേഖലയിൽ ഇപ്പോഴും നേരിയ പിരിമുറുക്കം നിലനിൽക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.