ന്യൂഡൽഹി: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലർച്ചെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്ന അവർ ദീർഘകാലം പാർലമെന്റിലും ഉത്തർപ്രദേശ് നിയമസഭയിലും പ്രവർത്തിച്ചിട്ടുണ്ട്.(Senior Congress leader Mohsina Kidwai passes away in Noida )
ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ മൊഹ്‌സിന കിദ്വായി യു.പിയിൽ എം.എൽ.എയും മന്ത്രിയുമായിരുന്നു. 1978-ൽ അസംഗഢിൽ നിന്നുള്ള നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് അവർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മീററ്റിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന അവർ, രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആരോഗ്യം, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യസഭാംഗമായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള വിശ്വസ്തതയ്ക്കും സംഘടനാ മികവിനും പേരുകേട്ട നേതാവായിരുന്നു മൊഹ്‌സിന കിദ്വായി.

