ഗുവാഹത്തി: അസമിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നപക്ഷം ഏക സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah Assam Election 2026). നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചായ്ഗാവിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വരുന്നതോടെ ആർക്കും നാല് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. അസമിനെ കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂമി കയ്യേറ്റം: നുഴഞ്ഞുകയറ്റക്കാർ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും കാസിരംഗ വനഭൂമി പോലും അവർ കൈവശപ്പെടുത്തിയെന്നും ഷാ ആരോപിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ബിജെപി ഭരണത്തിനിടെ 1.5 ലക്ഷം ഏക്കർ സ്ഥലം കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
മൂന്നാം വട്ടവും ബിജെപി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് പുറത്താക്കുമെന്ന് അമിത് ഷാ വോട്ടർമാർക്ക് ഉറപ്പുനൽകി. “നിങ്ങൾ ഹിമന്ത ബിശ്വ ശർമ്മയെ വീണ്ടും മുഖ്യമന്ത്രിയാക്കൂ, നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടുപിടിച്ച് പുറത്താക്കും,” എന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനുള്ള പ്രക്രിയ തുടരുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെ രാഷ്ട്രീയ സാഹചര്യം നുഴഞ്ഞുകയറ്റവും ഏക സിവിൽ കോഡും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
Story Summary:
Union Home Minister Amit Shah announced that if BJP is voted back to power in Assam, the Uniform Civil Code (UCC) will be implemented, ending practices like polygamy. Speaking at an election rally in Chaygaon, Shah heavily criticized the Congress party for allegedly handing over Assam’s land to infiltrators. He promised that under Himanta Biswa Sarma’s continued leadership, the government would identify and deport every single illegal immigrant and reclaim encroached lands.

