ഹനംകൊണ്ട: തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിൽ നടുക്കുന്ന കൂട്ടക്കൊലപാതകം (Hanamkonda Murder Case). ആൺകുഞ്ഞ് വേണമെന്ന ഭ്രാന്തമായ ആഗ്രഹത്തെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് സ്വിമ്മിങ്ങ് പൂളിൽ മുക്കിക്കൊന്നു. സംഭവത്തിൽ പ്രതിയായ അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഫർഹത്ത് (26), മക്കളായ ഉമേറ (8), അയേഷ (6) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തനിക്ക് ഒരു മകൻ വേണമെന്ന് അസറുദ്ദീൻ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഗർഭിണിയായ ഭാര്യ മൂന്നാമതും ഒരു പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന ഭയമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് മുൻപായി അസറുദ്ദീൻ വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയിരുന്നു. സ്വന്തം വീടിനോട് ചേർന്നുള്ള സ്വിമ്മിങ്ങ് പൂളിൽ വെച്ചാണ് ഇയാൾ ഈ കടുംകൈ ചെയ്തത്.മൂന്നുപേരെയും മുക്കിക്കൊന്ന ശേഷം, ഇവർ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഭർത്താവിന് പെൺകുഞ്ഞ് വേണ്ടാത്തതിനാൽ ഫർഹത്ത് മുമ്പ് രണ്ടുതവണ ഗർഭഛിദ്രത്തിന് (Abortion) വിധേയയായതായി ആരോപണമുണ്ട്. ഇത്തവണ ലിംഗനിർണ്ണയ പരിശോധനയ്ക്ക് ശേഷം അസറുദ്ദീൻ വീണ്ടും ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും എന്നാൽ ഫർഹത്ത് അത് നിരസിച്ചതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഫർഹത്തിന്റെ അമ്മായി മുംതാസ് ആരോപിച്ചു.
സ്വന്തമായി സിമന്റ് കട്ട നിർമ്മാണശാല നടത്തുന്ന അസറുദ്ദീൻ സാമ്പത്തികമായി ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. ഇയാളുടെ പിതാവ് അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സംഭവത്തിൽ ഹനംകൊണ്ട പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Summary:
In a chilling incident in Hanamkonda, Telangana, a man named Azharuddin was arrested for murdering his pregnant wife, Farhat (26), and their two daughters, Umera (8) and Ayesha (6), by drowning them in a swimming pool. Driven by a desperate desire for a son, the suspect allegedly committed the act fearing a third daughter. Despite his attempts to frame it as an accident, police investigation led to his confession. Family members alleged that Farhat had previously undergone forced abortions due to the suspect’s gender preference.

