വിശാഖപട്ടണം: ഇന്ത്യയുടെ സമുദ്രധിഷ്ഠിത ആണവ പ്രതിരോധ ശേഷിക്ക് കരുത്തേകി മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. ഇതിനൊപ്പം അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരാഗിരിയും കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.(India inducts nuclear-powered ballistic missile submarine INS Aridhaman)
എക്സിലെ കുറിപ്പിലൂടെ രാജ്നാഥ് സിംഗ് ഇതിനെക്കുറിച്ച് സൂചന നൽകി. “വാക്കുകളല്ല, കരുത്താണ്” എന്നാണ് അദ്ദേഹം അന്തർവാഹിനിയെ വിശേഷിപ്പിച്ചത്. അരിധമൻ കൂടി എത്തുന്നതോടെ ഇന്ത്യക്ക് ഒരേസമയം കടലിൽ വിന്യസിക്കാൻ മൂന്ന് ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ ഉണ്ടാകും. നേരത്തെ കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാട്ട് എന്നിവയേക്കാൾ കൂടുതൽ ദൂരപരിധിയുള്ള ആണവ മിസൈലുകൾ വഹിക്കാൻ അരിധമന് ശേഷിയുണ്ട്.
അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ പദ്ധതിയുടെ ഭാഗമായാണ് ആണവ അന്തർവാഹിനികൾ നിർമ്മിക്കുന്നത്. ഏകദേശം 90,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കണക്കാക്കുന്നത്. നാലാമത്തെ ആണവ അന്തർവാഹിനിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. വലിയ വലിപ്പമുള്ളതിനാൽ ഇവയ്ക്ക് കൂടുതൽ കെ-4 മിസൈലുകൾ വഹിക്കാൻ സാധിക്കും.
റഡാർ കണ്ണുകളിൽ പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അത്യാധുനിക യുദ്ധക്കപ്പലാണ് ഐഎൻഎസ് താരാഗിരി. വിശാഖപട്ടണത്തെ ചടങ്ങിൽ വെച്ചാണ് ഇതും നാവികസേനയുടെ ഭാഗമായത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഈ സൈനിക മുന്നേറ്റം മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തും. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം കൂടി കണക്കിലെടുത്താണ് പ്രതിരോധ സംവിധാനങ്ങൾ ഇത്ര വേഗത്തിൽ ശക്തിപ്പെടുത്തുന്നത്.

