Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും...

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും മുന്നറിയിപ്പ് | Kerala Rain Forecast March 2026

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Forecast March 2026). നാളെ മുതൽ തിങ്കളാഴ്ച (മാർച്ച് 30) വരെയാണ് മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ അപകടകാരിയാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം: കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലത്തോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കുക.
വൈദ്യുതോപകരണങ്ങൾ: ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുക. ടെലിഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല).
വാഹനങ്ങൾ: യാത്രയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
മരങ്ങൾക്കടിയിൽ നിൽക്കരുത്: കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക.
ജലാശയങ്ങൾ: ഇടിമിന്നൽ സമയത്ത് കുളിക്കാനോ മീൻ പിടിക്കാനോ ജലാശയങ്ങളിൽ ഇറങ്ങരുത്. ബോട്ടിംഗും മത്സ്യബന്ധനവും ഉടൻ നിർത്തിവെച്ച് കരയിലേക്ക് മാറണം.
വളർത്തുമൃഗങ്ങൾ: മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്. മിന്നലുള്ള സമയത്ത് അവയെ മാറ്റിക്കെട്ടാൻ പോകുന്നത് അപകടകരമാണ്.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധം തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തു വെച്ച്, തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക (Lightning Crouch). മിന്നൽ രക്ഷാ ചാലകങ്ങളും സർജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും സുരക്ഷ നൽകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.