ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി (Rahul Mamkootathil Rape Case Update). എന്നാൽ, ഹൈക്കോടതി വിധിയിൽ അതിജീവിതയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദപരമായ നാല് ഖണ്ഡികകൾ സുപ്രീംകോടതി റദ്ദാക്കി.
ഹൈക്കോടതി വിധിയിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ രാഹുൽ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യം തുടരും.
ലൈംഗിക ബന്ധത്തിന് സമ്മതമില്ലായിരുന്നുവെങ്കിൽ അതിജീവിത രാഹുലിനെ താമസസ്ഥലത്തേക്ക് വിളിക്കില്ലായിരുന്നുവെന്നും പാലക്കാട്ടേക്ക് കൂടെപ്പോകില്ലായിരുന്നുവെന്നുമുള്ള ഹൈക്കോടതിയുടെ പരാമർശങ്ങൾ സുപ്രീംകോടതി തള്ളി. വിധിയിലെ 17, 18, 20, 21 ഖണ്ഡികകളാണ് നീക്കം ചെയ്തത്.
ജാമ്യം അനുവദിക്കുന്ന വേളയിൽ അതിജീവിതയുടെ സ്വഭാവത്തെക്കുറിച്ച് വിധിന്യായത്തിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് പാലക്കാട് സ്വദേശിനിയായ യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയത്. ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. നിലവിൽ രണ്ടാമതൊരു ബലാത്സംഗക്കേസ് കൂടി രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
News Summary:
The Supreme Court has declined to interfere with the anticipatory bail granted to Youth Congress State President Rahul Mamkootathil in a rape case.

