ബീജിങ്: ചൈനയുടെ ആണവായുധ വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിൽ ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വിശ്വസ്തനും സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനുമായ ജനറൽ ഷാങ് യൂക്‌സിയക്കെതിരെയാണ് നടപടി. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം.(Top Chinese general in custody, accused of leaking nuclear secrets to US)
ഗുരുതരമായ അച്ചടക്ക ലംഘനവും നിയമ ലംഘനവും ഷാങ് യൂക്‌സിയ നടത്തിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ സുപ്രധാനമായ ആണവായുധ വിവരങ്ങൾ അമേരിക്കൻ ചാരസംഘടനകൾക്ക് കൈമാറി.സൈന്യത്തിലെ സ്ഥാനക്കയറ്റത്തിനായി കൈക്കൂലി വാങ്ങിയതായും ആയുധ ഇടപാടുകളിൽ വലിയ ക്രമക്കേടുകൾ നടത്തിയതായും ആരോപണമുണ്ട്. സൈനിക ഭരണകാലത്ത് പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു.
ജനറൽ ഷാങ് യൂക്‌സിയ നിലവിൽ സൈന്യത്തിന്റെ രഹസ്യ കസ്റ്റഡിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷീ ജിൻപിങ്ങിന്റെ വിശ്വസ്ത വലയത്തിലുണ്ടായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള നടപടി ചൈനീസ് സൈനിക-രാഷ്ട്രീയ തലപ്പത്തെ കടുത്ത പോരിലേക്കാണ് വിരൽ ചൂണ്ടുന്നത്.



