കൊച്ചി: മലയാള സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” റിലീസിനൊരുങ്ങുന്നു (Aadu 3 Part 1 One Last Ride). ചിത്രത്തിലെ ബിഗ് ബഡ്ജറ്റ് എപ്പിക് ഫാൻ്റസി അനുഭവം വിളിച്ചോതുന്ന ആദ്യ വീഡിയോ ഗാനമായ “സുൽത്താൻ” പുറത്തിറങ്ങി. തെന്നിന്ത്യൻ താരം വേദികയുടെ മിന്നും നൃത്തചുവടുകളും സുൽത്താൻ ഗെറ്റപ്പിലെത്തുന്ന വിനായകൻ്റെ സാന്നിധ്യവുമാണ് ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനത്തിൻ്റെ പ്രധാന ആകർഷണം.
മാർച്ച് 19-ന് ഈദ് റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ അയ്യായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. ബുക്ക് മൈ ഷോ ട്രെൻഡിംഗ് ലിസ്റ്റിലും ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ ‘U’ സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് 2 മണിക്കൂർ 47 മിനിറ്റാണ് ദൈർഘ്യം.
ഷാജി പാപ്പനും സംഘവും ഇത്തവണ എത്തുന്നത് വെറുമൊരു കോമഡി ചിത്രമായല്ല, മറിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എപ്പിക് ഫാൻ്റസി ചിത്രമായാണ്. വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമജൻ തുടങ്ങി പഴയ ആട് ടീമിലെ പ്രിയപ്പെട്ട താരങ്ങളെല്ലാം അണിനിരക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘2018’ നിർമ്മിച്ച കാവ്യാ ഫിലിം കമ്പനിയും ആട് ഫ്രാഞ്ചൈസിയും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ടൈറ്റിലിലെ ‘പാർട്ട് 1’ എന്ന സൂചനയിലൂടെ ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു.
Story Summary
The first video song “Sultan” from Midhun Manuel Thomas’s upcoming movie “Aadu 3 Part 1: One Last Ride” has been released, featuring Vedhika and Vinayakan. Starring Jayasurya in the lead, this big-budget epic fantasy is produced by Friday Film House and Kavya Film Company. Advance bookings have started strongly ahead of its Eid release on March 19, 2026. The film, rated Clean ‘U’, promises a mix of comedy and fantasy elements.

