മിർപുർ: ബംഗ്ലദേശ്-പാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിൽ പാക് താരം സൽമാൻ അലി ആഗയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif Supports Salman Ali Agha). ബംഗ്ലദേശ് ബോളർ മെഹ്ദി ഹസൻ മിറാസിന്റെയും ക്യാപ്റ്റന്റെയും നടപടി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്നും ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും കൈഫ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മത്സരത്തിന്റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ പന്ത് മുഹമ്മദ് റിസ്‌വാൻ ഡിഫൻഡ് ചെയ്തു. നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സൽമാൻ ആഗ, ക്രീസിന് വെളിയിലിരുന്ന പന്തെടുത്ത് ബോളർക്ക് നൽകാനായി കുനിഞ്ഞു. ഈ സമയം സൽമാൻ ക്രീസിന് വെളിയിലാണെന്ന് കണ്ട് മിറാസ് പന്തെടുത്ത് ബെയിൽസ് ഇളക്കി വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു. തേർഡ് അംപയർ ഔട്ട് വിളിച്ചതോടെ 64 റൺസെടുത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്ന സൽമാൻ ആഗ രോഷാകുലനായാണ് ക്രീസ് വിട്ടത്.
“ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. വിക്കറ്റിനായുള്ള ഏത് ആർത്തിക്കും ഈ റണ്ണൗട്ടിനെ ന്യായീകരിക്കാനാകില്ല. അത് ഒരു ക്യാപ്റ്റനിൽ നിന്നാകുമ്പോൾ കൂടുതൽ ഗൗരവകരമാണ്. ലോകകപ്പ് ഫൈനലിലാണെങ്കിൽ പോലും യുവാക്കൾ ഇത് അനുകരിക്കരുത്. ഫെയർ പ്ലേ ഇല്ലാത്ത സ്പോർട്സ് സ്പോർട്സ് അല്ല,” കൈഫ് കുറിച്ചു. ഗ്രൗണ്ടിൽ ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞാണ് സൽമാൻ ആഗ മടങ്ങിയത്. സംഭവത്തെത്തുടർന്ന് പാക് താരം മുഹമ്മദ് റിസ്‌വാനും ബംഗ്ലദേശ് താരങ്ങളും തമ്മിൽ മൈതാനത്ത് തർക്കമുണ്ടാകുകയും ചെയ്തു.
Crucial moment! Mehidy Hasan Miraz removes Salman Agha with a brilliant run-out. ⚡🏏#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/N0inKkZVwz
— Bangladesh Cricket (@BCBtigers) March 13, 2026

