കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന നേതാവ് കെ. സുധാകരൻ (K Sudhakaran Kannur seat row). പാർട്ടി നേതൃത്വം മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഫോർമുലകൾ അദ്ദേഹം തള്ളിയതായാണ് വിവരം.പ്രതിഷേധത്തിന്റെ ഭാഗമായി പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന സുധാകരൻ, ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിച്ച ശേഷം മാത്രമേ അടുത്ത നീക്കം പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ്.
സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനം നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും, താൻ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് അദ്ദേഹം. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായുള്ള വൈകാരിക ബന്ധം അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അനുയായികളെയും അണികളെയും അണിനിരത്തി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സുധാകരന്റെ നീക്കം. കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങൾ പുരോഗമിക്കുകയാണ്. ഏകദേശം 20 സീറ്റുകളിൽ ധാരണയായതായാണ് സൂചന. എന്നാൽ കണ്ണൂർ ഉൾപ്പെടെയുള്ള തർക്കമണ്ഡലങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടേണ്ടി വരും.
കെ. സുധാകരനെപ്പോലൊരു മുതിർന്ന നേതാവ് കലാപക്കൊടി ഉയർത്തുന്നത് വടക്കൻ കേരളത്തിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. ഇതിനിടെ എറണാകുളത്തും പത്തനംതിട്ടയിലും സുധാകരനും അടൂർ പ്രകാശിനുമായി പോസ്റ്റർ യുദ്ധം മുറുകുന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.
Story Summary: K. Sudhakaran remains firm on his demand for the Kannur assembly seat, skipping public events as a mark of protest. He has reportedly rejected the party leadership’s compromise formulas and is waiting to meet Rahul Gandhi in Delhi. Meanwhile, the Congress screening committee has finalized candidates for 20 seats, but the dispute over Kannur continues to create tension in the party.

