കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതിയുടെ പ്രശംസ (Sabarimala gold theft case news). രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരാണ് നിലവിൽ കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണം പൂർത്തിയാക്കാൻ അവർക്ക് ആവശ്യമായ സമയം നൽകണമെന്നും ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ നൽകിയ സിബിഐ അന്വേഷണ ഹർജികൾ പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങൾ ഇല്ലാതെ കുറ്റപത്രം നൽകാനാവില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു.
പ്രതികൾക്ക് ജാമ്യം ലഭിച്ചതിലോ കുറ്റപത്രത്തിന്റെ ദൈർഘ്യത്തിലോ കാര്യമില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകേണ്ടത്. അന്തിമ റിപ്പോർട്ട് വരുന്നതോടെ കുറ്റക്കാർ മറുപടി പറയേണ്ടി വരുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിനിടെ, കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി.
തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ പരാമർശം റദ്ദാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ നിരവധി തെളിവുകൾ തന്ത്രിക്കെതിരെ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അന്വേഷണ റിപ്പോർട്ടിലെ പുരോഗതി വിലയിരുത്താനായി കേസ് വരും ദിവസങ്ങളിൽ വീണ്ടും പരിഗണിക്കും.
Story Summary: The Kerala High Court praised the SIT investigating the Sabarimala gold theft case, stating that the best officers in the country are handling the probe. Dismissing the immediate need for a CBI inquiry, the court granted more time for the SIT. Meanwhile, the SIT appealed to cancel the bail of Thanthri Kandararu Rajeevaru, citing voice message evidence.

