തിരുവനന്തപുരം: വാഹന അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം നിർബന്ധമാണെന്ന കർശന മുന്നറിയിപ്പുമായി കേരള പോലീസ് (Rear seat belt mandatory Kerala). പിൻസീറ്റിലെ യാത്രക്കാർ ബെൽറ്റ് ധരിക്കാതിരിക്കുന്നത് അവർക്ക് മാത്രമല്ല, മുൻസീറ്റിലിരിക്കുന്നവർക്കും വലിയ അപകടഭീഷണിയാണെന്ന് പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പോലീസിന്റെ മുന്നറിയിപ്പിലെ പ്രധാന കാര്യങ്ങൾ:
വാഹനം പെട്ടെന്ന് നിൽക്കുമ്പോഴോ കൂട്ടിയിടിക്കുമ്പോഴോ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ അവർ അതിവേഗത്തിൽ മുന്നിലേക്ക് തെറിച്ചു വീഴാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ തെറിച്ചു വീഴുന്ന യാത്രക്കാർ മുൻസീറ്റിലിരിക്കുന്നവരുടെ തലയിലോ കഴുത്തിലോ ഇടിക്കുന്നത് മുന്നിലുള്ളവർക്ക് ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും വരെ കാരണമാകാം.
മുൻസീറ്റിലെ എയർബാഗുകൾ വിരിയുന്ന ആഘാതത്തിൽ പോലും സുരക്ഷിതമായിരിക്കാൻ സീറ്റ് ബെൽറ്റ് സഹായിക്കുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വരും ദിവസങ്ങളിൽ പിൻസീറ്റിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം. നിയമം പാലിക്കാത്തവർക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പിന്നിലും വേണം കേട്ടോ😊
വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.
പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.
അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.
Story Summary: Kerala Police has issued a warning regarding the mandatory use of seat belts for rear-seat passengers. The social media post highlights that unbelted rear passengers pose a significant risk not only to themselves but also to those sitting in the front seats during accidents.

