കോഴിക്കോട്: മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നേഴ്‌സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു (Kerala private hospital nurses strike 2026). സമരത്തെ അടിച്ചമർത്താൻ മാനേജ്‌മെന്റുകൾ പ്രതികാര നടപടികൾ ആരംഭിച്ചതായാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (UNA) ആരോപിക്കുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സൂപ്പർവൈസിംഗ് നേഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാണ് സൂപ്പർവൈസിംഗ് തസ്തികയിലുള്ള നേഴ്‌സുമാരെ നീക്കം ചെയ്തത്. ഇത് നേഴ്‌സുമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇതിനിടെ , സമരം അട്ടിമറിക്കാൻ ട്രെയിനിംഗിനെത്തിയ പുതിയ നേഴ്‌സുമാരെ ആശുപത്രി ഹാളിൽ പൂട്ടിയിട്ടതായി ആരോപണമുയർന്നു. ഇൻഡക്ഷൻ ക്ലാസിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഇവരെ, സമരം ചെയ്യുന്നവർക്ക് പകരമായി ഡ്യൂട്ടിക്ക് നിയോഗിക്കാനായിരുന്നു നീക്കമെന്ന് യുഎൻഎ നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് നേതാക്കളെത്തിയതോടെയാണ് ഇവരെ മോചിപ്പിച്ചത്. പ്രതിഷേധത്തിനിടെ ചില മാനേജ്‌മെന്റ് പ്രതിനിധികൾ യുഎൻഎ നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.
നേഴ്‌സുമാരുടെ ആവശ്യം
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഗസറ്റ് വിജ്ഞാപനം ഇറക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടന വ്യക്തമാക്കി. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലെ തുച്ഛമായ വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാർഡ് ഡ്യൂട്ടികളിൽ നിന്ന് നേഴ്‌സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
സമരം വ്യാപിക്കുന്നു
ശമ്പളം വർദ്ധിപ്പിക്കാൻ തയ്യാറായ ഏതാനും ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പ്രമുഖ വൻകിട ആശുപത്രികൾ ഇപ്പോഴും വിമുഖത കാട്ടുകയാണ്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനും യുഎൻഎ തീരുമാനിച്ചു.
Story Summary:
The private hospital nurses’ strike demanding a minimum wage of ₹40,000 has intensified in Kerala. At Baby Memorial Hospital in Kozhikode, the management reportedly terminated two supervising nurses for supporting the strike. Allegations also surfaced regarding trainee nurses being locked in a hall to be used as substitutes for striking staff. While some hospitals agreed to the pay hike, major institutions remain defiant. United Nurses Association (UNA) announced a long march from Thrissur to Thiruvananthapuram as part of their escalating protest.

