തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കുന്നു. സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചിരുന്ന രണ്ടരക്കോടി രൂപ ബാങ്ക് തകർച്ചയെത്തുടർന്ന് നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകാത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.(Sabarimala gold theft case, Mystery in Thantri’s money relations)
ചോദ്യം ചെയ്യൽ വേളയിൽ വെള്ളപ്പൊക്കത്തിൽ പണം നഷ്ടമായ കാര്യം പരാമർശിച്ചെങ്കിലും ബാങ്ക് നിക്ഷേപത്തെക്കുറിച്ച് തന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, മറ്റ് പ്രതികളുമായുള്ള ഇടപാടുകൾ എന്നിവയിൽ വ്യക്തത വരുത്താൻ എസ്.ഐ.ടി കഴിഞ്ഞ ദിവസം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.
അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 28-ന് വിജിലൻസ് കോടതി പരിഗണിക്കും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, കട്ടിളപ്പാളി കേസിൽ 90 ദിവസം തികയാത്തതിനാൽ അദ്ദേഹം ജയിലിൽ തുടരുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതും കൂടുതൽ അറസ്റ്റുകൾ നടക്കാനുള്ളതുമാണ് കുറ്റപത്രം വൈകാൻ കാരണം. എന്നാൽ കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് ജയിൽമോചിതരാകാൻ വഴിയൊരുക്കുമെന്ന വിമർശനം ശക്തമാണ്.
1998-ൽ സ്വർണം പൊതിഞ്ഞതിന്റെ കൃത്യമായ രേഖകൾ ലഭ്യമല്ല. അതിനാൽ, നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കണ്ടെത്താൻ വി.എസ്.എസ്.സി നടത്തുന്ന ശാസ്ത്രീയ പരിശോധനാ ഫലം അനിവാര്യമാണ്. കെ.പി. ശങ്കരദാസ് ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുന്നത് ഇനിയും ബാക്കിയാണ്.
അന്താരാഷ്ട്ര സംഘങ്ങളുടെ ഇടപെടൽ, വാജിവാഹനം, കൊടിമരം എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തുടങ്ങിയവ കൂടി അന്വേഷണ പരിധിയിൽ വന്നത് നടപടികൾ വൈകിപ്പിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമാകും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ ഇതിനോടകം ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി ഏഴിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാൻ സാധിക്കും. അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, ഫെബ്രുവരി പത്തിനുള്ളിൽ എങ്ങനെയെങ്കിലും കുറ്റപത്രം സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.ഐ.ടി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സങ്കീർണ്ണമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ലഭിച്ച പരിശോധനാ ഫലങ്ങളിൽ നിന്ന് പല കാര്യങ്ങളും ഡീകോഡ് ചെയ്ത് എടുക്കേണ്ടതുണ്ട്. ഇതിനായി ഏകദേശം ഒരാഴ്ച കൂടി വേണ്ടിവരും.
പഴയ വാതിൽ പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലവുമായി പുതിയ കണ്ടെത്തലുകൾ താരതമ്യം ചെയ്താലേ സ്വർണ്ണത്തിന്റെ അളവിൽ വ്യക്തത വരൂ. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഊർജിതമാക്കി. മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചു.



