കൊച്ചി: വെൽത്ത് മാനേജ്‌മെന്റ് ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ‘ഫെഡ് വെൽത്ത്’ (FedWealth) എന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു (Federal Bank FedWealth platform launch 2026). പദ്ധതിയുടെ ഭാഗമായുള്ള ബാങ്കിന്റെ രാജ്യത്തെ ആദ്യ ‘വെൽത്ത് ഹബ്’ എറണാകുളം ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ സാമ്പത്തിക സേവന വിദഗ്ധൻ വീരേന്ദ്ര സോംവൻശിയാണ് ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്‌മെന്റ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
സ്ഥിരനിക്ഷേപം, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് എന്നിവയ്ക്ക് പുറമെ ഗിഫ്റ്റ് സിറ്റി (GIFT City) മുഖേനയുള്ള നിക്ഷേപ അവസരങ്ങളും പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.മികച്ച പരിശീലനം ലഭിച്ച റിലേഷൻഷിപ്പ് മാനേജർമാരുടെയും പോർട്ട്‌ഫോളിയോ കൗൺസിലർമാരുടെയും സേവനം വെൽത്ത് ഹബ്ബുകളിൽ സന്ദർശകർക്ക് ലഭിക്കും.കൊച്ചിക്ക് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലും വെൽത്ത് ഹബ്ബുകൾ ആരംഭിക്കാൻ ബാങ്ക് പദ്ധതിയിടുന്നു.
അതിസമ്പന്നരായ ഇടപാടുകാർക്ക് (HNI) മികച്ച സേവനം നൽകുന്നതിനായി, ഫെഡറൽ ബാങ്കിന് പങ്കാളിത്തമുള്ള ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള (Equirus Capital) സഹകരണ വ്യവസ്ഥകൾ പുനക്രമീകരിച്ചു. ഇക്വിറസിൽ 8.69% ഓഹരി പങ്കാളിത്തമാണ് ഫെഡറൽ ബാങ്കിനുള്ളത്.
“വളർച്ചയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ നിക്ഷേപം നടത്താനും സ്വന്തം ഫ്രാഞ്ചൈസി രൂപീകരിക്കാനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇക്വിറസുമായുള്ള സഹകരണം വെൽത്ത് മാനേജ്‌മെന്റ് രംഗത്ത് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹായിച്ചു,” എന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന ഈ സഹകരണം വരും വർഷങ്ങളിലും ശക്തമായി തുടരുമെന്ന് ഇക്വിറസ് ക്യാപിറ്റൽ എംഡി അജയ് ഗാർഗ് വ്യക്തമാക്കി. നിലവിൽ 23 നഗരങ്ങളിൽ സാന്നിധ്യമുള്ള തങ്ങൾ, രാജ്യത്തെ ആദ്യ പത്ത് മുൻനിര വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
Federal Bank has launched its new wealth management platform, ‘FedWealth,’ and inaugurated its first Wealth Hub on the Ernakulam Bypass in Kochi. Led by industry veteran Virendra Somwanshi, the platform offers a range of investment products including equities, mutual funds, and GIFT City opportunities. The bank also realigned its partnership with Equirus Capital, in which it holds an 8.69% stake, to cater to high-net-worth individuals. MD & CEO K.V.S. Maniyan emphasized that this expansion aims to strengthen the bank’s own franchise in the wealth management sector.

