അഹമ്മദാബാദ്: ടി20 ക്രിക്കറ്റ് ലോകം വീണ്ടും ഇന്ത്യയുടെ കാൽക്കീഴിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം നിലനിർത്തി (India vs New Zealand T20 World Cup final result 2026). ഇന്ത്യ ഉയർത്തിയ 255 റൺസെന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 19 ഓവറിൽ 159 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.
നിർണ്ണായകമായ ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ കിവികളുടെ നട്ടെല്ലൊടിച്ചു. തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി ബുംറ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. മധ്യനിരയിൽ കണിശമായ പന്തുകളിലൂടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അക്സർ പട്ടേൽ റൺസ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ചു.
52 റൺസ് നേടിയ ഓപ്പണർ ടിം സെയ്ഫർട്ട് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ അല്പമെങ്കിലും പൊരുതിയത്. മറ്റു ബാറ്റ്‌സ്മാൻമാർക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നേരത്തെ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 254 എന്ന കൂറ്റൻ സ്കോറിൽ എത്തിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന ടീം ഇന്ത്യ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന ഈ കിരീടം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറി.
വിജയത്തിന് പിന്നാലെ അഹമ്മദാബാദിലെ തെരുവുകളിൽ ആരാധകർ ആവേശകരമായ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. തുടർച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് സ്വന്തമാക്കുന്ന ടീമായി ഇതോടെ ഇന്ത്യ മാറി.
Story Summary:
India successfully defended their T20 World Cup title by defeating New Zealand by 96 runs in the final at Ahmedabad. Chasing a massive target of 255, New Zealand were bowled out for 159 in 19 overs. Jasprit Bumrah was the pick of the bowlers with four wickets, while Axar Patel claimed three. Tim Seifert top-scored for the Kiwis with 52. Earlier, half-centuries from Sanju Samson, Abhishek Sharma, and Ishan Kishan powered India to 254/5.

