ആലപ്പുഴ: മുംബൈ പൊലീസെന്ന വ്യാജേന ദമ്പതികളെ മൂന്നുദിവസം ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 38 ലക്ഷം രൂപ തട്ടിയെടുത്തു (Digital arrest scam Kerala). വള്ളികുന്നം സ്വദേശിനിയായ 64-കാരിക്കും ഭർത്താവിനുമാണ് സമ്പാദ്യം മുഴുവൻ നഷ്ടമായത്. കുഴൽപണ ഇടപാടിലും അനധികൃത സിം കാർഡ് കേസിലും കുടുങ്ങിയെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 22-നാണ് ദമ്പതികൾക്ക് ആദ്യമായി ഫോൺ കോൾ വരുന്നത്. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ, ദമ്പതികളുടെ പേരിൽ കള്ളപ്പണ ഇടപാടിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു.
കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ ഫോൺ കോളിൽ നിന്ന് മാറരുതെന്നും പുറംലോകവുമായി ബന്ധപ്പെടരുതെന്നും ഭീഷണിപ്പെടുത്തി ദമ്പതികളെ മൂന്നുദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റിലാക്കി’. ബാങ്ക് അക്കൗണ്ടിലെ തുക കള്ളപ്പണമല്ലെന്ന് തെളിയിക്കാൻ അത് പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് ഫെബ്രുവരി 25-ന് രണ്ട് തവണയായി 19 ലക്ഷം രൂപ വീതം ആകെ 38 ലക്ഷം രൂപ ദമ്പതികൾ കൈമാറി.
പണം അയച്ചുകഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിയുന്നത്. ഉടൻ തന്നെ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പണം തിരികെ ലഭ്യമാക്കാനുള്ള നടപടികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Story Summary:
An elderly couple from Vallikunnam, Alappuzha, lost ₹38 lakhs in a ‘digital arrest’ scam. Fraudsters posing as Mumbai Police officials threatened the couple, claiming they were involved in money laundering and illegal SIM card cases. After being kept under digital surveillance for three days, the couple transferred the money to the scammers’ account for ‘verification’. The Alappuzha Cyber Police have registered a case and initiated steps to recover the lost funds.

