വാഷിംഗ്ടൺ: ഇറാൻ-ഇസ്രായേൽ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Warns More US Troop Deaths Iran War). ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്ന് പേരിട്ട സൈനിക നീക്കത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിക്കുന്നതിന് മുൻപ് ഇനിയും അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായേക്കാമെന്നും എന്നാൽ ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാതെ പിന്നോട്ടില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കമാൻഡ് സെന്ററുകൾ തകർന്നതായും ആയിരക്കണക്കിന് ഇറാൻ സൈനികർ കീഴടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. കീഴടങ്ങുന്നവർക്ക് മാപ്പ് നൽകുമെന്നും അല്ലാത്തവർക്ക് മരണം ഉറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, യുഎഇയിലെയും ബഹ്റൈനിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ രാജ്യത്തെ രണ്ട് സൈനിക താവളങ്ങൾ കൂടി ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കയ്ക്ക് വിട്ടുനൽകി.
അബുദാബിയിലെ എത്തിഹാദ് ടവേഴ്സിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതും കുവൈത്ത്, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ തുടരുന്നതും മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനിലെ സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ 160 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യുദ്ധം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിമാന സർവീസുകൾ മുടങ്ങിയതും സൈബർ ആക്രമണങ്ങൾ കാരണം ആശയവിനിമയം തടസ്സപ്പെട്ടതും ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്തെയും ജനജീവിതത്തെയും പൂർണ്ണമായും സ്തംഭിപ്പിച്ചു. അടുത്ത നാലാഴ്ചയോളം യുദ്ധം നീണ്ടുനിന്നേക്കാമെന്നാണ് ട്രംപ് നൽകുന്ന സൂചന.

