ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. ജലാലാബാദിൽ പാകിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(Afghanistan claims to have shot down a Pakistani fighter jet, claims to have captured the pilot alive)
ജലാലാബാദ് നഗരത്തിന് മുകളിൽ പാക് ജെറ്റ് തകർന്നു വീഴുന്നതിന് മുൻപ് പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപെടുന്നത് കണ്ടതായി പ്രാദേശികവാസികൾ മൊഴി നൽകിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് അഫ്ഗാൻ പോലീസും സൈന്യവും ഉറപ്പിച്ചു പറയുമ്പോഴും പാകിസ്ഥാൻ ഇത് പൂർണ്ണമായും നിഷേധിക്കുകയാണ്.
അതിർത്തിയിലെ ആക്രമണങ്ങൾക്ക് ശക്തമായ മറുപടിയാണ് നൽകുന്നതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന സൈനിക നീക്കത്തിന്റെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. 72 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു, 120-ഓളം പേർക്ക് പരിക്കേറ്റു. 16 താലിബാൻ പോസ്റ്റുകൾ തകർത്തു, 7 എണ്ണം പാക് സൈന്യം പിടിച്ചെടുത്തു. ഒരു വലിയ വെടിമരുന്ന് ഡിപ്പോ, 36 ടാങ്കുകൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ എന്നിവ നശിപ്പിച്ചതായും പാകിസ്ഥാൻ അവകാശപ്പെട്ടു.
പാക് സായുധ സേന അതിർത്തിയിൽ ഗംഭീരമായ മറുപടി നൽകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യത്തിനുള്ളിൽ രാഷ്ട്രീയ ഐക്യം ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അയൽരാജ്യങ്ങളുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായാൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ബാരിസ്റ്റർ ഗോഹർ ഖാനും വ്യക്തമാക്കി.

