ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് കാരണമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ലോക സൈനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറുന്നു. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ, ആദ്യമായി പരീക്ഷിക്കപ്പെട്ട സൂയിസൈഡ് ഡ്രോണുകൾ എന്നിവയുടെ സംയുക്ത പ്രയോഗത്തിലൂടെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അമേരിക്കയും ഇസ്രായേലും തകർത്തത്.(America breaks through Iran’s defenses, stand-off weapons revealed)
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം ആധുനിക യുദ്ധമുറകളിൽ വന്ന മാറ്റം ശരിവെക്കുന്നതായിരുന്നു ഇറാനിലെ യുഎസ് നീക്കം. ഓരോന്നിനും ഏകദേശം 35,000 ഡോളർ മാത്രം വിലവരുന്ന, വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ‘വൺ-വേ അറ്റാക്ക് ഡ്രോണുകൾ’ യുഎസ് സെൻട്രൽ കമാൻഡ് ആദ്യമായി യുദ്ധമുഖത്ത് ഉപയോഗിച്ചു. സ്പെക്ടർവർക്സ് ലൂക്കാസ് സിസ്റ്റം അരിസോണ ആസ്ഥാനമായുള്ള കമ്പനിയുടെ സാങ്കേതികവിദ്യയ്ക്ക് സമാനമായ ഡ്രോണുകളാണ്. ഇവയ്ക്ക് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുണ്ട്.
കരയിൽ നിന്നും കടലിൽ നിന്നും വിക്ഷേപിക്കാവുന്ന ടോമാഹോക്ക് മിസൈലുകളാണ് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ തകർക്കാൻ ഉപയോഗിച്ചത്. ഏകദേശം 1600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകർക്കാൻ ഇവയ്ക്ക് കഴിയും. 3330 പൗണ്ട് ഭാരമുള്ള ഈ മിസൈലുകൾക്ക് കനത്ത സുരക്ഷയുള്ള വ്യോമപരിധി തുളച്ചുകയറാൻ സാധിക്കും.
ആക്രമണത്തിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ F-35, ബഹുതല ദൗത്യങ്ങൾ നിർവ്വഹിക്കുന്ന F/A-18 എന്നിവ പ്രധാന പങ്കുവഹിച്ചു. റഡാറുകളെ വെട്ടിച്ച് ശത്രുപാളയത്തിൽ കടക്കാൻ ശേഷിയുള്ള F-35 ആണ് പ്രധാനമായും ഉപയോഗിച്ചത്. രണ്ട് വിമാനവാഹിനിക്കപ്പലുകളും പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നിലവിൽ മെഡിറ്ററേനിയൻ മേഖലയിൽ സജ്ജമാണ്.

