മുംബൈ: ഔദ്യോഗിക യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും നിയമസഭയിൽ മറുപടി നൽകുന്നതിന് മന്ത്രിയെ സഹായിക്കാതിരിക്കുകയും ചെയ്ത കുറ്റത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം. ദേവേന്ദർ സിംഗിനെയും ജോയിന്റ് ഡയറക്ടർ സതീഷ് പദ്വാളിനെയും സസ്‌പെൻഡ് ചെയ്തു (IAS Officer Suspended Maharashtra). മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (MPCB) മെമ്പർ സെക്രട്ടറി കൂടിയാണ് 2011 ബാച്ച് ഉദ്യോഗസ്ഥനായ ദേവേന്ദർ സിംഗ്.
ചന്ദ്രപൂരിലെ മലിനീകരണ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെ, ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകുന്നില്ലെന്ന് സഭയെ അറിയിച്ചു. താൻ വിളിച്ച യോഗങ്ങളിൽ ഇവർ പങ്കെടുത്തില്ലെന്നും വരാൻ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ സന്ദേശം അയച്ചതായും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയുന്നില്ലെന്ന മന്ത്രിയുടെ പരാതിയെത്തുടർന്ന് സ്പീക്കർ കർശന നടപടിക്ക് നിർദ്ദേശിച്ചു.സ്പീക്കറുടെ നിർദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ സസ്‌പെൻഷൻ ഉത്തരവിറങ്ങി. ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടങ്ങൾ പ്രകാരമാണ് നടപടി.
സസ്‌പെൻഷൻ കാലയളവിൽ സർക്കാർ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണകൂടവും ജനപ്രതിനിധികളും തമ്മിലുള്ള പോര് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Story Summary: The Maharashtra government suspended IAS officer M. Devender Singh and Joint Director Satish Padwal for failing to attend meetings and provide necessary data to Environment Minister Pankaja Munde. The minister informed the Assembly that their non-cooperation prevented her from answering queries regarding pollution in Chandrapur. Following the Speaker’s direction, the suspension orders were issued within 24 hours.

