തിരുവനന്തപുരം/കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വസതിയിൽ തിരിച്ചെത്തി (Veena George Health Update). പരിയാരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയാണ് മന്ത്രി കാർ മാർഗ്ഗം നാട്ടിലേക്ക് മടങ്ങിയത്.
മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം മന്ത്രിക്കു നാല് ദിവസം പൂർണ്ണ വിശ്രമം അനുവദിച്ചു. ഇതേത്തുടർന്ന് മാർച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. രക്തസമ്മർദ്ദം സാധാരണ നിലയിലായതിനെത്തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർചികിത്സ (Follow-up) നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ ഗൺമാൻ എം.എസ്. അഭിലാഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
അതിക്രമിച്ചു കയറി മന്ത്രിക്കു നേരെ ചാടിവീണ് ആയുധം ഉപയോഗിച്ച് കഴുത്തിന് ആക്രമിച്ചുവെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മന്ത്രിയുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും.
മന്ത്രിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത് സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
Story Summary: Health Minister Veena George has returned to her home in Pathanamthitta after being discharged from Pariyaram Medical College. Following an attack by KSU activists at Kannur railway station, doctors advised four days of rest, cancelling all her programs until March 2. Railway police have initiated a probe based on her gunman’s complaint.

