കൊച്ചി: കൊച്ചിയിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബ്രഹ്മപുരത്ത് ബിപിസിഎൽ സ്ഥാപിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനസജ്ജമായി (Brahmapuram Biogas Plant). പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് ജൈവഇന്ധനമാക്കി മാറ്റാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
നഗരത്തിലെ 21 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 181 ശേഖരണ കേന്ദ്രങ്ങൾ വഴി കോർപ്പറേഷൻ മാലിന്യം പ്ലാന്റിലെത്തിക്കും.
12 മീറ്റർ ഉയരമുള്ള രണ്ട് കൂറ്റൻ ഡൈജസ്റ്ററുകളിലൂടെയാണ് ബയോഗ്യാസ് ഉത്പാദനം നടക്കുന്നത്. ശുദ്ധീകരിക്കുന്ന ഗ്യാസ് അമ്പലമുഗളിലെ ബിപിസിഎൽ റിഫൈനറിയിലേക്ക് പൈപ്പ് ലൈൻ വഴി നേരിട്ടെത്തിക്കും.
ഗതാഗതം, വ്യവസായം, ഗാർഹികം തുടങ്ങിയ മേഖലകളിൽ സിഎൻജിയ്ക്ക് പകരമായി ഈ ജൈവഇന്ധനം ഉപയോഗിക്കാനാകും. ബ്രഹ്മപുരത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാലക്കാട് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും, കൊല്ലത്ത് ബിപിസിഎല്ലുമായി ചേർന്ന് ഉടൻ ആരംഭിക്കും.തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ചങ്ങനാശ്ശേരി: പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ശ്രമത്തിന്റെ ഫലമായാണ് ഈ പദ്ധതി യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു. ബ്രഹ്മപുരത്ത് പുതിയ സാനിറ്ററി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടന്നു.
Story Summary: CM Pinarayi Vijayan inaugurated the BPCL Compressed Biogas (CBG) plant at Brahmapuram, Kochi, via video conferencing. The plant can process 150 tons of organic waste daily. Union Minister Suresh Gopi presided over the function, highlighting it as a major step in the ‘Swachh Bharat’ mission. Similar plants are planned for Palakkad, Kollam, and other cities.

