ആലപ്പുഴ: ചെറിയനാട് കവലയ്ക്ക് സമീപം യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. ചെറിയനാട് സ്വദേശി ആനന്ദിനാണ് പരിക്കേറ്റത് (Alappuzha Stray Dog Attack). ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആനന്ദ്.റോഡരികിൽ നിന്ന നായ അപ്രതീക്ഷിതമായി ആനന്ദിന് നേരെ കുതിക്കുകയായിരുന്നു. ആനന്ദിന്റെ കൈയ്ക്കും കാലിനും നായ ആഴത്തിൽ കടിച്ചു.
നായയിൽ നിന്ന് രക്ഷപെടാൻ ആനന്ദ് ശ്രമിച്ചെങ്കിലും പിടിവിട്ടില്ല. തുടർന്ന് യുവാവിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാർ കയറിട്ട് നായയെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ നായ കൂടുതൽ അക്രമാസക്തനായതോടെ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു.പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് പ്രതിരോധ കുത്തിവെയ്പ്പുകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരികയാണ്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. കൊല്ലപ്പെട്ട നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Story Summary:
A youth named Anand was severely injured in a stray dog attack at Cheriyanad, Alappuzha. Local residents killed the aggressive dog, and Anand is currently undergoing treatment at Vandanam Medical College.

